വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ യുഎസ് പ്രസിഡന്റ് ട്രംപിനു പദ്ധതി. കഴിഞ്ഞ ദിവസം റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിലാണു ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ വേദിയോ, തീയതിയോ സംബന്ധിച്ച് ഒന്നും പറഞ്ഞില്ല.
ജൂൺ 12നു സിംഗപ്പൂരിൽ കിമ്മും ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ ധാരണപ്രകാരമുള്ള ആണവനിരായുധീകരണ നടപടികൾ മുന്നോട്ടുപോകുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ യുഎസുമായി വാണിജ്യയുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ചൈന ഉത്തരകൊറിയൻ പ്രശ്നത്തിൽ പഴയതു പോലെ സഹായിക്കുന്നില്ലെന്നും ട്രംപ് പരാതിപ്പെട്ടു. ആണവായുധങ്ങൾ ഉപേക്ഷിക്കാൻ കിം തയാറാവില്ലെന്ന സംശയം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ ആണവ നിരായുധീകരണത്തിനു വ്യക്തമായ നടപടികൾ കിം എടുത്തു കഴിഞ്ഞിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയുടെ ആണവ പരീക്ഷണം ഞാൻ ഇടപെട്ടു നിർത്തിവയ്പിച്ചു. മിസൈൽ പരീക്ഷണവും നിർത്തിച്ചു.
ജപ്പാനും മറ്റും ഇക്കാര്യത്തിൽ അദ്ഭുതം പ്രകടിപ്പിക്കുകയാണ്. ഇനി എന്താവും സംഭവിക്കുക. നമുക്ക് കാത്തിരിക്കാം- ട്രംപ് പറഞ്ഞു
കിമ്മുമായി വീണ്ടും കൂടിക്കാഴ്ചയ്ക്കു ട്രംപ്
10:40 PM Aug 21, 2018 | Deepika.com