ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. എറണാകുളം സ്വദേശി ചാൾസ് കോതേരിത്തറ (37) ആണ് മരിച്ചത്. മോഷണ ശ്രമത്തിനിടെ അക്രമിയുടെ വെടി ചാൾസിന് ഏൽക്കുകയായിരുന്നുവെന്നാണു വിവരം.
ഞായറാഴ്ച രാത്രി എട്ടരയോടെ ഹൂസ്റ്റണിലെ സെന്റ് തോമസ് മൂർ പള്ളിയുടെ പാർക്കിംഗ് സ്ഥലത്തായിരുന്നു സംഭവം. ദൃക്സാക്ഷികളില്ലാത്തതിനാൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
ബോസ്റ്റണിൽ താമസിക്കുന്ന റാഫി കോതേരിത്തറ-ആലീസ് ദന്പതികളുടെ മകനാണ് എൻജിനിയറായ ചാൾസ്. ഭാര്യ സീന. ചാൾസിന്റെ സഹോദരൻ എമിലും അമേരിക്കയിലുണ്ട്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് ജോഷ്വാ ജോർജും സഹപ്രവർത്തകരും കുടുംബാംഗങ്ങൾക്ക് സഹായവുമായി രംഗത്തുണ്ട്.
ചാൾസിന്റെ മൃതദേഹം ഇന്നു വൈകുന്നേരം ആറ് മുതൽ ഒൻപത് വരെ ടെക്സസ് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. വ്യാഴാഴ്ച രാവിലെ പത്തിന് സെന്റ് തോമസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്കുശേഷം ഹൂസ്റ്റണിലെ വെസ്റ്റ് ഹൈമർ റോഡിലെ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കും.
ഹൂസ്റ്റണിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു
10:40 PM Aug 21, 2018 | Deepika.com