വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ പൂർണഗർഭിണിയായ വനിതാ മന്ത്രി പ്രസവശുശ്രൂഷയ്ക്കായി ആശുപത്രിയിലെത്തിയത് സൈക്കിളിൽ. ഇവിടെ എത്തിയതിനു പിന്നാലെ ആദ്യ കുഞ്ഞിനു ജന്മവും നൽകി. ന്യൂസിലൻഡിലെ വനിതാക്ഷേമമന്ത്രി ജൂലി ആൻ ജെന്ററാണ് (38) പ്രസവത്തിനായി സൈക്കിളിലെത്തി ലോകത്തെ അദ്ഭുതപ്പെടുത്തിയത്.
ഗ്രീൻ പാർട്ടിക്കാരിയായ ജൂലിയും പങ്കാളിയും ഞായറാഴ്ച രാവിലെയാണ് ആശുപത്രിയിലേക്കു സൈക്കിളിൽ തിരിച്ചത്. കാറിൽ മതിയായ സ്ഥലമില്ലെന്നായിരുന്നു സൈക്കിൾ യാത്രയ്ക്കു മന്ത്രി കാരണം പറഞ്ഞത്. ഓക്ലൻഡിലെ സർക്കാർ ആശുപത്രിയായ സിറ്റി ഹോസ്പിറ്റലിലായിരുന്നു മന്ത്രിയുടെ പ്രസവശുശ്രൂഷ നടന്നത്. കുന്നുകളും ഇറക്കങ്ങളും ഉള്ള വഴിയിലൂടെയായിരുന്നു 42 ആഴ്ച ഗർഭിണിയായ മന്ത്രിയുടേയും പങ്കാളിയുടെയും യാത്ര. ഇതിന്റെ ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നയാളാണ് മന്ത്രി ജൂലി. അടുത്തിടെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണും കുഞ്ഞിന് ജന്മം നൽകി വാർത്തകളിൽ ഇടം നേടിയിരുന്നു.
ന്യൂസിലൻഡ് മന്ത്രി സൈക്കിളിലെത്തി പ്രസവിച്ചു
12:35 AM Aug 20, 2018 | Deepika.com