നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഉന്നതവിദ്യാഭ്യാസത്തിനായി വ്യക്തികൾ എടുക്കുന്ന വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് ആദായനികുതി നിയമത്തിൽ വരുമാനത്തിൽ നിന്നും പരിധിയില്ലാത്ത കിഴിവ് അനുവദിക്കുന്നതാണ്. വ്യക്തികൾക്കു മാത്രമേ ഇതു ലഭിക്കുകയുള്ളൂ. ഹിന്ദു അവിഭക്ത കുടുംബത്തിന് ഈ ആനുകൂല്യം ലഭിക്കുകയില്ല. സ്വന്തം പഠനത്തിനോ ഭാര്യയുടെയോ ഭർത്താവിന്റെയോ മക്കളുടെയോ വിദ്യാഭ്യാസത്തിനോ വേണ്ടി എടുത്ത വായ്പയുടെ പലിശയ്ക്കാണ് കിഴിവ്. ദത്തെടുത്തു വളർത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വായ്പ എടുത്താലും പലിശയ്ക്കുകിഴിവ് ലഭിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം - വായ്പയുടെ പലിശയ്ക്കാണ് കിഴിവു ലഭിക്കുന്നത് - മുതലിന്റെ തിരിച്ചടവിന് ഒരു കിഴിവും ലഭിക്കില്ല.
ബാങ്കുകളിൽനിന്നോ ധനകാര്യസ്ഥാപനങ്ങളിൽനിന്നോ അംഗീകാരം ലഭിച്ചിട്ടുള്ള ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കാവുന്നതാണ്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും പക്കൽ നിന്നും വായ്പ വാങ്ങിച്ചാൽ പലിശയ്ക്ക് ആനുകൂല്യം ലഭിക്കുന്നതല്ല.
ഉന്നത വിദ്യാഭ്യാസത്തിനായി വായ്പ
ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടിയായിരിക്കണം ബാങ്കിൽനിന്നു വായ്പ എടുക്കേണ്ടത്. ഉന്നതവിദ്യാഭ്യാസം ഇന്ത്യയിൽതന്നെ നടത്തണമെന്നു നിർബന്ധമില്ല. വിദേശത്തുനടത്തുന്ന ഉന്നതവിദ്യാഭ്യാസത്തിന് വായ്പ എടുക്കാവുന്നതും അതിന്റെ പലിശ കിഴിവായി അനുവദിക്കുന്നതുമാണ്. സീനിയർ സെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം നടത്തുന്ന എല്ലാ വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയും അതിന്റെ പലിശയ്ക്ക് ആദായനികുതിനിയമത്തിൽ വരുമാനത്തിൽനിന്നും കിഴിവും അനുവദിക്കുന്നതാണ്. വൊക്കേഷണൽ സ്റ്റഡീസും ഉന്നതവിദ്യാഭ്യാസമായി കണക്കാക്കും.
വരുമാനത്തിൽനിന്നു കിഴിവുകൾ
ബാങ്കിൽനിന്നോ ധനകാര്യസ്ഥാപനങ്ങളിൽനിന്നോ ധർമ സ്ഥാപനങ്ങളിൽനിന്നോ എടുത്ത വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവ് തുകയിലെ പലിശയുടെ ഭാഗത്തിനാണ് കിഴിവു ലഭിക്കുന്നത്. ഇതിന് ഉയർന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. പലിശ എത്ര രൂപയായാലും അതിന് വരുമാനത്തിൽനിന്നു കിഴിവ് എടുക്കാം.
കാലാവധി
തിരിച്ചടവ് തുടങ്ങിയ വർഷം മുതൽ ഉള്ള എട്ടു വർഷത്തേക്കാണ് നികുതി ആനുകൂല്യം ലഭിക്കുന്നത്. എട്ടു വർഷത്തിനു മുന്പായി വായ്പ തിരിച്ചടച്ചു തീർക്കുകയാണെങ്കിൽ തീരുന്ന വർഷം വരെ മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് തിരിച്ചടവിന് എട്ടുവർഷത്തെ കാലാവധി ഉണ്ടെങ്കിലും അഞ്ചു വർഷംകൊണ്ട് അടച്ചുതീർത്താൽ അടച്ചുകൊണ്ടിരുന്ന അഞ്ചുവർഷത്തേക്കാണ് കിഴിവ് ലഭിക്കുന്നത്. എന്നാൽ, തിരിച്ചടവ് എട്ടുവർഷത്തിൽ കൂടുതലായാൽ അധികമുള്ള വർഷങ്ങളിലെ തിരിച്ചടവിന്റെ പലിശയ്ക്കു കിഴിവ് ലഭ്യമാകില്ല. അതിനാൽ തിരിച്ചടവ് എട്ടു വർഷത്തിലുള്ളിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വായ്പ സ്വന്തം പേരിലായിരിക്കണം
വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവിൽ പലിശയുടെ കിഴിവ് ലഭിക്കുന്നതിന് വായ്പ എടുത്തിരിക്കുന്നത് സ്വന്തം പേരിലായിരിക്കണം. ഉദാഹരണത്തിന് മക്കളുടെ പേരിൽ ലോണെടുത്താൽ മാതാപിതാക്കൾ തിരിച്ചടവ് നടത്തിയാലും പലിശയ്ക്ക് കിഴിവ് ലഭിക്കുകയില്ല. അതുപോലെ തന്നെ മാതാപിതാക്കൾ വായ്പ എടുത്താലും തിരിച്ചടവിന്റെ സമയത്ത് മക്കളാണ് അതുനടത്തുന്നതെങ്കിലും പലിശയ്ക്കുനികുതി ആനുകൂല്യം ലഭിക്കുകയില്ല. വായ്പയുടെ പലിശനിരക്കിനും പ്രത്യേകമായി പരിധിയോ നിബന്ധനയോ ഇല്ല. ആനുകൂല്യം ലഭിക്കണമെങ്കിൽ വായ്പയെടുത്ത വ്യക്തിതന്നെ തന്റെ വരുമാനത്തിൽനിന്നു ഇതുതിരിച്ചടയ്ക്കണം.
മുൻകാലങ്ങളിൽ വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്കു കിഴിവ് ലഭിക്കാൻ ഉന്നതവിദ്യാഭ്യാസം ചില പ്രത്യേക മേഖലകളിൽ മാത്രമാകണമായിരുന്നു. എൻജിനിയറിംഗ്, മെഡിസിൻ, മാനേജ്മെന്റ് കോഴ്സുകൾ, അപ്ലൈഡ് സയൻസ്, മുതലായവ ഗ്രാഡുവേഷൻ ലെവലിലും പോസ്റ്റ് ഗ്രാഡുവേറ്റ് ലെവലിലും മാത്രമായിരുന്നു അംഗീകാരം ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ വൊക്കേഷണൽ കോഴ്സുകൾക്ക് പോലും വിദ്യാഭ്യാസവായ്പ ലഭിക്കുകയും അവയുടെ പലിശയ്ക്കു തിരിച്ചടയ്ക്കുന്ന സമയത്ത് നികുതി ആനുകൂല്യം നൽകുകയും ചെയ്യും.
സാധാരണഗതിയിൽ വിദ്യാഭ്യാസ വായ്പകൾക്ക് ഒരു വർഷം വരെ മോറട്ടോറിയം പീരിയഡ് നൽകാറുണ്ട്. വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വർഷമോ ജോലി ലഭിച്ച് കഴിഞ്ഞ് ആറുമാസത്തെ പീരിയഡോ ഏതാണ് ആദ്യത്തേത് അതായിരിക്കും മോറട്ടോറിയം പീരിയഡ്. ഈ കാലാവധി പീരിയഡിലെ പലിശ മുതലിനോട് ചേർത്താണ് പ്രതിമാസ തിരിച്ചടവ് തുക നിശ്ചയിക്കുക. അതല്ല മോറട്ടോറിയം കാലാവധിയിലെ പലിശ നിങ്ങൾ അടക്കുകയാണെങ്കിൽ അത് നികുതിക്ക് മുന്പുള്ള വരുമാനത്തിൽ നിന്നും ഇളവായി അനുവദിക്കുകയും അതുകൂടി ഉൾപ്പെടുത്തി എട്ടുവർഷം നിശ്ചയിക്കുകയും ചെയ്യും. ആദായനികുതിനിയമത്തിലെ വകുപ്പ് 80 -ഇ പ്രകാരമാണ് മേൽ വിവരിച്ച കിഴിവുകൾ.
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്കു വരുമാനത്തിൽനിന്നു പരിധിയില്ലാത്ത കിഴിവ്
12:35 AM Aug 20, 2018 | Deepika.com