കൊച്ചി: സ്ഥിരം ഉപയോക്താക്കളെ ലക്ഷ്യമിട്ട് കണ്‍സ്യൂമർഫെഡ് മൈ ത്രിവേണി സ്മാർട്ട് കാർഡ് പുറത്തിറക്കി. ത്രിവേണി സൂപ്പർ മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളും ലഭിക്കും. സ്മാർട്ട് കാർഡിലൂടെ സംസ്ഥാനത്തെ ഏത് ത്രിവേണി സൂപ്പർ മാർക്കറ്റിൽനിന്നും സാധനങ്ങൾ വാങ്ങാനാകും. ഒരു കാർഡിന് 15 രൂപയാണ് കണ്‍സ്യൂമർഫെഡ് ഈടാക്കുന്നത്. ത്രിവേണി സ്റ്റോറുകളിൽനിന്നാണ് സ്മാർട്ട് കാർഡ് വിതരണം ചെയ്യുന്നത്.
സ്മാർട്ട് കാർഡ് ഉപയോഗത്തിലൂടെ വിപണിവിലയേക്കാൾ കുറച്ച് ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭ്യമാകും. അഞ്ച് സ്ലാബുകളായി തിരിച്ച് 0.5 മുതൽ മൂന്ന് ശതമാനം വരെ പ്രത്യേക വിലക്കിഴിവാണു സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് ലഭിക്കുക. ത്രിവേണിയുടെ പ്രത്യേക ഓഫറുകളും മറ്റ് വിവരങ്ങളും എസ്എംഎസ് വഴി ലഭ്യമാകുകയും ചെയ്യും. സർക്കാർ സബ്സിഡി നിശ്ചയിച്ചിട്ടുള്ള 13 ഇനങ്ങൾക്ക് സ്മാർട്ട് കാർഡ് ആനുകൂല്യങ്ങൾ ബാധകമല്ല. കാർഡ് ആജീവനാന്തം ഉപയോഗിക്കാവുന്ന തരത്തിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഓണത്തോടനുബന്ധിച്ച് കാർഡുകൾ ലഭ്യമാകും.
കൊച്ചിയിലെ കണ്‍സ്യൂമർഫെഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്മാർട്ട് കാർഡിന്റെ ഉദ്ഘാടനം സംവിധായകൻ സിദ്ദിഖ് നിർവഹിച്ചു. മേയർ സൗമിനി ജെയിൻ മുഖ്യാതിഥിയായിരുന്നു. കണ്‍സ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ എ. സഹദേവൻ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.എം. ഇസ്മയിൽ, കെ.ജെ. ജിജു, ആർ. പ്രദീപ്കുമാർ, പോൾ വർഗീസ് എന്നിവർ പങ്കെടുത്തു.
കണ്‍സ്യൂമർ ഫെഡ് ഓണം, ബക്രീദ് വിപണി 16 മുതൽ
കൊച്ചി: കണ്‍സ്യൂമർഫെഡിന്റെ ഓണം, ബക്രീദ് വിപണികൾ 16 മുതൽ 24 വരെ നടത്തുമെന്ന് ചെയർമാൻ എം. മെഹബൂബ് പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൊതുവിപണിയേക്കാൾ പത്തു ശതമാനം മുതൽ അറുപത് ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ സംസ്ഥാനത്ത് 3500 വിപണന കേന്ദ്രങ്ങളിലൂടെ വില്പന നടത്തും.
സബ്സിഡി ഇനങ്ങൾക്ക് പുറമെ 28 ഇനങ്ങൾകൂടി വിപണി വിലയേക്കാൾ കുറവിൽ ഓണച്ചന്തകളിൽ ലഭ്യമാക്കും. കൃത്യമായ ഗുണമേന്മ പരിശോധനകൾക്കുശേഷം മാത്രമേ ഗോഡൗണിൽ എത്തുന്ന സാധനങ്ങൾ അണ്‍ലോഡ് ചെയ്യുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കുടുംബത്തിന് 1000 രൂപയ്ക്ക് പൊതുവിപണിയിൽ ലഭ്യമാകുന്ന സാധനങ്ങൾ കണ്‍സ്യൂമർ ഫെഡ് ഓണം, ബക്രീദ് വിപണിയിൽ 495 രൂപയ്ക്ക് ലഭിക്കും.
മൈ ത്രിവേണി സ്മാർട്ട് കാർഡ് പുറത്തിറക്കി
11:14 PM Aug 10, 2018 | Deepika.com