ന്യൂഡൽഹി: മിനിമം ബാലൻസ് സൂക്ഷിക്കാൻ പറ്റില്ലെങ്കിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ബേസിക് അക്കൗണ്ട് ആക്കൂ.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടേതാണ് ഉപദേശം. കഴിഞ്ഞ ധനകാര്യവർഷം 2433 കോടി രൂപയാണ് എസ്ബിഐ ഇടപാടുകാരിൽനിന്നു മിനിമം ബാലൻസ് ഇല്ലാത്തതിന് ഈടാക്കിയത്. എല്ലാ ബാങ്കുകളും ചേർന്ന് ഈടാക്കിയത് 5000 കോടി രൂപവരും.
ബിഎസ്ബിഡി
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടിലും ജൻധൻയോജന അക്കൗണ്ട്, പെൻഷൻ അക്കൗണ്ട്, മൈനർ അക്കൗണ്ട് എന്നിവയിലും മിനിമം ബാലൻസ് വ്യവസ്ഥയില്ല. ബിഎസ്ബിഡി അക്കൗണ്ടിൽ എടിഎം കാർഡ് ലഭിക്കും. ചെക്ക് ബുക്ക് ഇല്ല. എടിഎം വഴിയോ മറ്റ് ഇലക്ട്രോണിക് രീതികളിലോ ഒരു മാസം നാലു തവണയേ പിൻവലിക്കാനാവൂ. ബാങ്കിലെ വിത്ഡ്രോവൽ ഫോം ഉപയോഗിച്ചും പണം പിൻവലിക്കാം. ബേസിക് അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ വേറെ എസ്ബി അക്കൗണ്ട് പാടില്ല.
പിഴ ഇങ്ങനെ
മെട്രോകളിലും നഗരങ്ങളിലും 3000 രൂപ, അർധനഗരങ്ങളിൽ 2000 രൂപ, ഗ്രാമങ്ങളിൽ 1000 രൂപ എന്നിങ്ങനെ ബാലൻസ് വേണമെന്നാണ് എസ്ബിഐയുടെ വ്യവസ്ഥ. മിനിമം ഇല്ലെങ്കിൽ ഈടാക്കുന്ന പിഴ ഈ ഏപ്രിലിൽ ഗണ്യമായി കുറച്ചെന്നാണു ബാങ്ക് പറയുന്നത്. നേരത്തേ 20 മുതൽ 50 വരെ രൂപ ഈടാക്കിയിരുന്നത് ഇപ്പോൾ അഞ്ചു മുതൽ 15 വരെ രൂപയായി കുറച്ചിട്ടുണ്ട്.
പിഴ ഇപ്പോൾ ഇങ്ങനെ
മെട്രോകളിലും നഗരങ്ങളിലും
മിനിമത്തിന്റെ പകുതിയെങ്കിലും ഉണ്ടെങ്കിൽ 10 രൂപ, 75 ശതമാനംവരെ കുറഞ്ഞാൽ 12 രൂപ, 75 ശതമാനത്തിലധികം 15 രൂപ.
അർധനഗരങ്ങളിൽ
പകുതിവരെ ഏഴര രൂപ, 75 ശതമാനംവരെ 10 രൂപ, അതിലധികം 12 രൂപ.
ഗ്രാമങ്ങളിൽ
പകുതിവരെ അഞ്ചു രൂപ, 75 ശതമാനംവരെ ഏഴരരൂപ, അതിലധികം 10 രൂപ.
പിഴ പറ്റില്ലെങ്കിൽ ബേസിക് അക്കൗണ്ട് ആക്കൂ: എസ്ബിഐ
12:23 AM Aug 08, 2018 | Deepika.com