ഓട്ടോസ്പോട്ട്/ഐബി
രാജ്യത്തെ യൂട്ടിലിറ്റി വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ എംപിവിയുടെ (മൾട്ടി പർപ്പസ് വാഹനം) പേര് കഴിഞ്ഞ ദിവസം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത മാസം വിപണിയിലെത്തുന്ന പുതിയ എംപിവിയുടെ ചില വിശേഷങ്ങൾ...
1. പേര് - മറാസോ
സ്പെയിനിലെ കാറ്റലോണിയയിലെ ഭാഷയായ ബാസ്കിൽ മറാസോ എന്നാൽ സ്രാവ് എന്നാണർഥം. സ്രാവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന മറാസോ മുന്പ് യു321 എന്ന കോഡ് നെയിമിലാണ് അറിയപ്പെട്ടിരുന്നത്.
2. മുൻഗാമികളില്ല
മഹീന്ദ്രയുടെ ഇതുവരെയുള്ള വാഹനങ്ങളിൽ യാതൊന്നുമായും സാമ്യമില്ലാതെ പൂർണമായും പുതിയതായി അവതരിപ്പിക്കുന്ന മോഡൽ. മഹീന്ദ്രയും നോർത്ത് അമേരിക്കൻ സബ്സിഡിയറിയായ മഹീന്ദ്ര നോർത്ത് അമേരിക്കൻ ടെക്നിക്കൽ സെന്ററും ചേർന്ന് വികസിപ്പിച്ചെടുത്ത മോഡലാണ്.
3. പുതിയ പ്ലാറ്റ്ഫോം
ബ്രാൻഡ് ന്യൂ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന മോഡൽ. മോണോകോക് അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ മൂന്നാമത്തെ ഉത്പന്ന. എക്സ്യുവി 500, കെയുവി 100 എന്നിവയാണ് മഹീന്ദ്രയുടെ മോണോകോക് വാഹനങ്ങൾ.
4. നേരിട്ട് എതിരാളികളില്ല
മാരുതി സുസുകി എർട്ടിഗ മുതൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വരെ വിശാലമായിക്കിടക്കുന്ന സെഗ്മെന്റാണ് എംപിവി. ഇതിനിടയിൽ റെനോയുടെ ലോഡ്ജിയുമുണ്ട്. വിലയിൽ അന്തരമുള്ളതിനാൽ മാരുതിയുടെ എർട്ടിഗ ഈ സെഗ്മെന്റിൽ മുന്നിലാണ്. ലോഡ്ജിയാവട്ടെ അത്ര പ്രചാരം നേടിയിട്ടുമില്ല. എർട്ടിഗയ്ക്കും ക്രിസ്റ്റയ്ക്കുമിടയിൽ മറാസോയെ അവതരിപ്പിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിലയിൽ നേരിട്ടുള്ള എതിരാളികളില്ല.
5. ആഢ്യത്വമുള്ള ഫീച്ചറുകൾ
മഹീന്ദ്ര പുറത്തുവിട്ട ഒൗദ്യോഗിക ചിത്രങ്ങൾ പരിശോധിച്ചാൽ, മറാസോയ്ക്ക് പ്രൊജക്ടർ ഹെഡ് ലാന്പുകൾ, ഫോഗ് ലാന്പ് ഹൗസിംഗിൽ ഉൾപ്പെടുത്തിയ ഡേ ടൈം റണ്ണിംഗ് ലാന്പുകൾ, എൽഇഡിയുള്ള ടെയിൽലാന്പുകൾ, ലെതർ സീറ്റുകൾ, പ്രീമിയം ലുക്കിംഗ് ബ്ല്യൂ ആൻഡ് പർപ്പിൾ ബാക്ക്ലിറ്റ് കാബിൻ ഇലുമിനേഷൻ, മൾട്ടി ഇൻഫോ സ്ക്രീൻ, രണ്ടും മൂന്നും നിരകൾക്കായി റണ്ണിംഗ് എസി യൂണിറ്റ് തുടങ്ങിയവ പ്രധാന ഫീച്ചറുകൾ.
ഈ ഫീച്ചറുകളൊക്കെ വിലയിരുത്തിലായൽ എർട്ടിഗ, ലോഡ്ജി എന്നിവയേക്കാൾ കൂടുതൽ പ്രീമിയം സൗകര്യങ്ങൾ മറാസോ വാഗ്ദാനം ചെയ്യുന്നു. ഓട്ടോ ഹെഡ് ലാന്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം ഉൾപ്പെടെ എക്സ്യുവി 500ന്റെ ചില ഫീച്ചറുകൾ മറാസോ കടംകൊള്ളാനും സാധ്യതയുണ്ട്.
6. കൂടുതൽ സ്പേസ്
മഹീന്ദ്രയുടെ ഏതു വാഹനത്തേക്കാളും കൂടുതൽ കാബിൻ സ്പേസ് മറാസോയ്ക്ക് നല്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ ഉറപ്പ്.
7. ഡീസൽ മാത്രം
വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്പോൾ ഡീസൽ എൻജിൻ ഓപ്ഷൻ മാത്രമേ ഉണ്ടാകൂ. പെട്രോൾ എൻജിൻ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. മറാസോയുടെ പുതിയ എൻജിൻ മഹീന്ദ്ര ഇതുവരെ പുറത്തു വിട്ടിട്ടില്ല.
8. അടുത്ത മാസം വിപണിയിൽ!
ഉത്സവകാലത്തിനു മുന്പുതന്നെ (അടുത്ത മാസം) മറാസോ വിപണിയിലെത്തിയേക്കും.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പുതിയ സ്രാവും
10:37 PM Aug 04, 2018 | Deepika.com