മിലാൻ: ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി മൈക്ക് മാൻലിയെ നിയമിച്ചു. സെർജിയോ മാർക്കിയോണെ അനാരോഗ്യം മൂലം വിരമിച്ച സാഹചര്യത്തിലാണ് ജീപ്പിന്റെ മേധാവിയായ മാൻലിയുടെ നിയമനം.
ബ്രിട്ടീഷുകാരനായ മാൻലി കമ്പനിയുടെ വടക്കേ അമേരിക്കൻ റീജന്റെ ചുമതലകൂടി വഹിക്കണം. ശനിയാഴ്ച ചേർന്ന യോഗത്തിൽ ഫെരാരിയുടെ തലപ്പത്തും മാറ്റങ്ങൾ വരുത്തി. ട്രാക്ടർ നിർമാണ വിഭാഗമായ സിഎൻഎച്ചിനും പുതിയ ചെയർമാനാണ്.ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന്റെ ഉടമസ്ഥതയിലുള്ള ഈ രണ്ടു കമ്പനികളുടെ മേധാവിയും മാർക്കിയോണെയായിരുന്നു.
എഫ്സിഎ ചെയർമാനും ആഗ്നെല്ലി കുടുംബത്തിന്റെ അവകാശിയുമായ ജോൺ എൽകാനാണ് ഫെരാരിയുടെ പുതിയ ചെയർമാൻ. ബോർഡ് അംഗമായ ലൂയി കാമിലേരിയാണ് പുതിയ ചീഫ് എക്സിക്യൂട്ടീവ്. അതേസമയം, സൂസന്ന ഹെയ്വുഡ് ആണ് സിഎൻഎച്ചിന്റെ പുതിയ ചെയർമാൻ. ഫിയറ്റ്, ഫെരാരി, സിഎൻഎച്ച് എന്നീ കമ്പനികൾ നിയന്ത്രിക്കുന്നത് ആഗ്നെല്ലി കുടുംബമാണ്.
മൈക്ക് മാൻലി ഫിയറ്റ് ക്രൈസ്ലർ സിഇഒ
12:46 AM Jul 23, 2018 | Deepika.com