ന്യൂഡൽഹി: കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ച പുതിയ 100 രൂപ ജനങ്ങളിലെത്താൻ ചെലവ് 100 കോടി രൂപ.
100 രൂപ എടിഎമ്മുകളിൽ നിറയ്ക്കണമെങ്കിൽ മെഷീൻ റീ കാലിബ്രേഷൻ ചെയ്യണം. രാജ്യത്താകെയുള്ള 2,40,000 ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിലെ (എടിഎം) കാസെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് 100 കോടി രൂപ വേണ്ടിവരുമെന്ന് എടിഎം ഓപ്പറേറ്റർമാർ അറിയിച്ചു. എല്ലാ എടിഎമ്മുകളും കാലിബ്രേഷൻ ചെയ്യാൻ കുറഞ്ഞത് 12 മാസമെങ്കിലും വേണ്ടിവരുമെന്നും ഹിറ്റാച്ചി പേമെന്റ് സർവീസസ് മാനേജിംഗ് ഡയറക്ടർ ലോണി ആന്റണി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗവർണർ ഉർജിത് പട്ടേലിന്റെ കൈയൊപ്പോടുകൂടിയ ലവണ്ടർ നിറത്തിലുള്ള 100 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. നിലവിൽ പ്രചാരത്തിലുള്ള നോട്ടുകളേക്കാളും വലുപ്പം കുറവാണ് പുതിയ 100 രൂപ നോട്ടുകൾക്ക്. 66 എംഎം x 142 എംഎം ആണ് പുതിയ കറൻസിയുടെ വലുപ്പം.
2016 നവംബറിനുശേഷം ആർബിഐ പുറത്തിറക്കുന്ന ആറാമത് പുതിയ കറൻസിയാണ് 100 രൂപയുടേത്. 2,000 രൂപ, 200 രൂപ കറൻസികളിലും വ്യത്യസ്തമാണ് പുതിയ കറൻസി. നിലവിൽ ദേവസിലെ പ്രസിൽ 100 രൂപ നോട്ടിന്റെ അച്ചടി തുടങ്ങിയിട്ടുണ്ട്. മറ്റു പ്രസുകളിൽ വൈകാതെ അച്ചടി തുടങ്ങും.
`100 നിറയ്ക്കാൻ `100 കോടി വേണം
11:12 PM Jul 21, 2018 | Deepika.com