വാഷിംഗ്ടൺ: ചൈനയിൽനിന്നുള്ള മുഴുവൻ ഇറക്കുമതിക്കും പിഴച്ചുങ്കം ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു രാഷ്ട്രീയമല്ല; രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് - സിഎൻബിസി ടെലിവിഷൻ ചാനലിനു നല്കിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. 2017ൽ 50,500 കോടി ഡോളറിന്റെ (34.75 ലക്ഷം കോടി രൂപ) ഇറക്കുമതിയാണു ചൈനയിൽനിന്നു യുഎസ് നടത്തിയത്. ചൈന അമേരിക്കയിൽനിന്ന് 13,000 കോടി ഡോളറിനുള്ള സാധനങ്ങളേ വാങ്ങുന്നുള്ളൂ.
ഇങ്ങനെ ചെയ്താൽ ഓഹരിവിപണിയിൽ തകർച്ച ഉണ്ടാവില്ലേ എന്നു ചോദിച്ചതിനു ""താഴുന്നെങ്കിൽ താഴട്ടെ'' എന്നായിരുന്നു ട്രംപിന്റെ മറുപടി.ഈ മാസമാദ്യമാണു ട്രംപ് ഒന്നാംഘട്ട പിഴച്ചുങ്കം നടപ്പിലാക്കിയത്. അത് 3400 കോടി ഡോളറിനുള്ള ഇറക്കുമതിയിലായിരുന്നു. ചൈനയും തുല്യതുകയ്ക്കുള്ള അമേരിക്കൻ സാധനങ്ങൾക്കു പിഴച്ചുങ്കം ചുമത്തി. പിന്നീട് 20,000 കോടി ഡോളറിനുള്ള ഇറക്കുമതിക്കുകൂടി ചുമത്തുമെന്നു ട്രംപ് പറഞ്ഞിരുന്നു. അതു നടപ്പിലാക്കിയിട്ടില്ല. അതിനിടെയാണ് മുഴുവൻ ചൈനീസ് സാധനങ്ങൾക്കും പിഴച്ചുങ്കം ചുമത്തുമെന്ന പ്രഖ്യാപനം.അമേരിക്കൻ കേന്ദ്രബാങ്ക് ആയ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശ കൂട്ടുന്നതിനെയും ട്രംപ് വിമർശിച്ചു.
ക്ഷീണം, കറൻസിയുദ്ധം
ട്രംപിന്റെ നീക്കം ആഗോള സന്പദ്ഘടനയെ ഉലയ്ക്കുമെന്നും കറൻസികളുടെ വില താഴ്ത്താൻ മത്സരം ഉണ്ടാകുമെന്നും നിരീക്ഷകർ കരുതുന്നു.താൻ പ്രസിഡന്റായശേഷം യുഎസ് ഓഹരികൾ 30 ശതമാനം കയറിയെന്നു ട്രംപ് ചൂണ്ടിക്കാട്ടുന്നു. ചൈനയുമായി ഒരു വ്യാപാരയുദ്ധത്തിന്റെ ഫലമായി ഓഹരികൾ അല്പം താണാലും നിക്ഷേപകർക്കു നഷ്ടം വരില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷം യുഎസ് കാർ കന്പനികളുടെ ഓഹരിവിലകൾ ഇടിഞ്ഞു. അമേരിക്കയിലേക്കുള്ള കയറ്റുമതിക്കു തടസം വരുമെന്ന ഭയമാണു കാരണം. യൂറോപ്യൻ കാറുകൾ അമേരിക്കയിൽ വിൽക്കുന്നതിനെ ട്രംപ് പലതവണ വിമർശിച്ചിട്ടുണ്ട്.
നയംമാറ്റത്തിനു ചൈന
ഇതിനിടെ, വ്യാപാരയുദ്ധവും സാന്പത്തികവളർച്ചയിലെ കുറവും നേരിടാൻ ധനകാര്യ നിയന്ത്രണവും നികുതികളും കുറയ്ക്കണമെന്നു ചൈനയിൽ അഭിപ്രായമുയർന്നു. ചൈനീസ് കേന്ദ്രബാങ്കിന്റെ പ്രസിദ്ധീകരണത്തിലാണ് ഈ ആവശ്യം. ചൈന വായ്പാനിയന്ത്രണം ഏർപ്പെടുത്തിയശേഷം സാന്പത്തികവളർച്ച ആറരശതമാനത്തിനടുത്തേക്കു താണു. വ്യാപാരയുദ്ധം വന്നാൽ വളർച്ച വീണ്ടും താഴോട്ടുപോകും. അമേരിക്ക മുഴുവൻ ഇറക്കുമതിക്കും പിഴച്ചുങ്കം ചുമത്തിയാൽ കയറ്റുമതി തളരും. അതു രാജ്യത്തു തൊഴിൽ നഷ്ടപ്പെടുത്തും. അതിനാലാണു നയംമാറ്റം ആവശ്യപ്പെടുന്നത്.
മുഴുവൻ ചൈനീസ് ഇറക്കുമതിക്കും പിഴച്ചുങ്കം ചുമത്തും: ട്രംപ്
01:05 AM Jul 21, 2018 | Deepika.com