ജർമൻ വാഹനിർമാതാക്കളായ ബിഎംഡബ്ലുവിന്റെ ഇരുചക്രവാഹന ബ്രാൻഡ് ആയ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ജി 310 ആർ, ജി 310 ജിഎസ് എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിൽ. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ബിഎംഡബ്ല്യു ഗ്രൂപ്പ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ ബിഎംഡബ്ല്യു മോട്ടോറാഡ് ഏഷ്യ, പസഫിക്, ദക്ഷിണാഫ്രിക്ക റീജണ് മേധാവി ദിമിത്രീസ് റാപ്റ്റിസും ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് വിക്രം പവയും ചേർന്ന് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചു.
സബ് 500 സിസി വിഭാഗത്തിൽ ഇരുചക്രവാഹനപ്രേമികളുടെ താത്പര്യങ്ങൾ അനുസരിച്ചാണ് പുതിയ വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്ന് ദിമിത്രീസ് റാപ്റ്റിസ് പറഞ്ഞു. പുതിയ മോഡലുകളിലൂടെ ഇന്ത്യൻ വിപണിയിൽ മോട്ടോറാഡിന് വേരുറപ്പിക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഡബ്ല്യു ജി 310 ആർ, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നീ മോഡലുകൾ ജർമനിയിലെ മ്യൂണിച്ചിലുള്ള ആർ ആൻ ഡി സെന്ററിൽ ഡിസൈൻ ചെയ്ത് ഇന്ത്യയിലെ ഹൊസൂരിൽ നിർമിച്ചതാണ്. ടിവിഎസ് മോട്ടോർ കന്പനിയുടെ സഹായത്തോടെയാണ് ഉത്പാദനം.
ജി 310 ആറിനെ അപേക്ഷിച്ച് സ്പോർട്ടി പരിവേഷം കൂടുതലുള്ള വാഹനമാണ് ജി 310 ജിഎസ്. രണ്ടു മോഡലുകൾക്കും 313 സിസി വാട്ടർ കൂൾഡ് സിംഗിൾ സിലിണ്ടർ 4-സ്ട്രോക്ക് എൻജിനാണ് കരുത്തേകുക. 34 എച്ച്പി പവറിൽ 28 എൻഎം ടോർക്കാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. 2-ചാനൽ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, വലിയ എൽസിഡി മൾട്ടി ഫംഗ്ഷൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ. ഉദ്ഘാടനത്തോടനുബന്ധിച്ച് ബൈക്ക് സ്റ്റണ്ടിംഗ് ഗ്രൂപ്പായ ഗോസ്റ്റ് റൈഡേഴ്സ് പുതിയ വാഹനങ്ങൾ ഉപയോഗിച്ചുള്ള സ്റ്റണ്ടുകളും അവതരിപ്പിച്ചു. ഇന്ത്യയിലെ ഷോറൂമുകളിൽ വാഹനം ലഭ്യമാണ്. കേരളത്തിൽ കൊച്ചിയിലുള്ള ഇവിഎം മോട്ടോക്രാഫ്റ്റാണ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ വിതരണക്കാർ. വില: ബിഎംഡബ്ല്യു ജി 310 ആർ 2.99 ലക്ഷം രൂപ. ബിഎംഡബ്ല്യു ജി 310 ജിഎസ് 3.49 ലക്ഷം രൂപ.
ഹരിയാനയിലെ ഗുഡ്ഗാവിൽനിന്ന് ഐബിൻ കാണ്ടാവനം
മേഡ് ഇൻ ഇന്ത്യ മോട്ടോർസൈക്കിളുകളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്
01:05 AM Jul 21, 2018 | Deepika.com