തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരി വിദേശ നിക്ഷപക സ്ഥാപനമായ ഫെയർഫാക്സിനു കൈമാറാൻ റിസർവ് ബാങ്ക് അന്തിമാനുമതി നൽകി. ഇതാദ്യമായാണ് ഒരു ബാങ്കിന്റെ 51 ശതമാനം ഓഹരിയും നിയന്ത്രണവും വിദേശകമ്പനിക്കു കൈമാറാൻ രാജ്യത്ത് അനുമതി നൽകുന്നത്.
റിസർവ് ബാങ്കിന്റെ അനുമതിയുടെ തുടർച്ചയായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതികൂടി ഈയാഴ്ചതന്നെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ അനുമതികൂടി ലഭിച്ചാൽ ഫെയർഫാക്സ് വാഗ്ദാനം ചെയ്ത 1,200 കോടി രൂപയുടെ നിക്ഷേപം ബാങ്കിലെത്തും. അടുത്തയാഴ്ചതന്നെ ഫെയർഫാക്സിന്റെ നിക്ഷേപം എത്തുമെന്നു ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു വിരമിച്ച ടി.എസ്. അനന്തരാമൻ പറഞ്ഞു. 70 വയസ് പൂർത്തിയായതിനെത്തുടർന്നാണ് റിസർവ് ബാങ്കിന്റെ നിയമമനുസരിച്ച് അനന്തരാമൻ സ്ഥാനമൊഴിഞ്ഞത്.
ഫെയർഫാക്സിന്റെ നോമിനിയായിരിക്കും ബാങ്കിന്റെ പുതിയ ചെയർമാൻ. ചെയർമാനാകാൻ യോഗ്യരായവരുടെ പാനൽ ബാങ്കിന്റെ ഡയറക്ടർ ബോർഡാണു റിസർവ് ബാങ്കിനു സമർപ്പിക്കേണ്ടത്. ബാങ്കിന്റെ 51 ശതമാനം ഓഹരി സ്വന്തമാക്കുന്നുണ്ടെങ്കിലും ഡയറക്ടർ ബോർഡിലേക്കു തങ്ങളുടെ രണ്ടു പേരെ മാത്രം നിയോഗിച്ചാൽ മതിയെന്നാണ് ഫെയർഫാക്സിന്റെ നിലപാട്. ഇവരിൽ ഒരാളെ ചെയർമാനാക്കാനാണു സാധ്യത.
ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ സി.വി.ആർ. രാജേന്ദ്രൻ ഫെയർഫാക്സിനു സ്വീകാര്യനാണ്. മൂന്നു വർഷത്തേക്കു നിയമിതനായ രാജേന്ദ്രൻ ഒന്നര വർഷത്തെ സേവനം പൂർത്തിയാക്കി. ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ്, ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെങ്കിലും ബാങ്കിൽ അനാവശ്യ ഇടപെടലുകൾ നടത്തില്ലെന്നാണു സൂചന. ബാങ്കിന്റെ ആസ്ഥാനം തൃശൂരിൽത്തന്നെ തുടരും. ഫെയർഫാക്സിന്റെ നിക്ഷേപത്തോടെ ബാങ്കിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ഭദ്രമാകുമെന്നും അനന്തരാമൻ പറഞ്ഞു.
ബാങ്കിൽ ഫെയർഫാക്സിന്റെ വിദേശനിക്ഷേപത്തിന് 2016ൽ റിസർവ് ബാങ്കും കേന്ദ്രസർക്കാരും പ്രാഥമികാനുമതി നൽകിയിരുന്നു. ഒാഹരി വില സംബന്ധിച്ച തർക്കം മൂലം നടപടികളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ 140 രൂപ നിരക്കിൽ ഓഹരി വാങ്ങാൻ ബാങ്കുമായി ഫെയർഫാക്സ് ധാരണയിലെത്തി.
ഓഹരി കൈമാറ്റത്തിന് നാലു നടപടിക്രമങ്ങളാണു പൂർത്തിയാക്കാനുള്ളത്. ബാങ്കിന്റെ ഓഹരിയുടമകളുടെ പൊതുയോഗം വിളിച്ചുകൂട്ടി അംഗീകാരം നൽകുന്ന ആദ്യകടമ്പ കഴിഞ്ഞ മാർച്ചിൽ 99.9 ശതമാനം വോട്ടോടെ മറികടന്നു. കേന്ദ്രസർക്കാരിന്റെ കോംപറ്റീഷൻ കമ്മീഷന്റെ അനുമതി ഏപ്രിലിൽ ലഭിച്ചു. റിസർവ് ബാങ്കിന്റെ അന്തിമാനുമതി രണ്ടു ദിവസംമുമ്പാണു ലഭിച്ചത്.
കാത്തലിക് സിറിയൻ ബാങ്ക് : 51 ശതമാനം ഓഹരി വിദേശകമ്പനിക്ക്
01:41 AM Jul 19, 2018 | Deepika.com