തിരുവനന്തപുരം: പത്താമതു കേരള ട്രാവൽ മാർട്ട് സെപ്റ്റംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടത്തുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 27ന് വൈകുന്നേരം ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മലബാർ ടൂറിസത്തിന്റെ പ്രചാരണം ആയിരിക്കും മുഖ്യപ്രമേയം. ലോകോത്തര വാങ്ങൽകാരെയും വില്പനക്കാരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന കെടിഎം-2018 ഈ മേഖലയിലെ പ്രമുഖരുമായി ചർച്ച നടത്തുന്നതിനും മേഖലയുടെ സമഗ്രവളർച്ചയ്ക്ക് ഉണർവേകാൻ ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കുന്ന വാങ്ങൽ വില്പനക്കാരുടെ മീറ്റാണ് കെടിഎമ്മിലെ പ്രധാന പരിപാടി. വിദഗ്ധർ പങ്കെടുക്കുന്ന നാലു സെമിനാറുകൾ ഉണ്ടാകും.
കൊച്ചി വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാമുദ്രിക ആൻഡ് സാഗരാ കണ്വൻഷൻ സെന്ററിൽ ബിസിനസ് ടു ബിസിനസ് മീറ്റുകൾ നടക്കും. ഈ മാസം 28 വരെയാണ് രജിസ്ട്രേഷൻ. 350 അന്താരാഷ്ട്ര വാങ്ങൽക്കാരും 890 തദ്ദേശ വാങ്ങൽക്കാരും ഇതിനോടകം പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള ട്രാവൽ മാർട്ട് 2018 സെപ്റ്റംബറിൽ കൊച്ചിയിൽ
01:41 AM Jul 19, 2018 | Deepika.com