വത്തിക്കാൻ സിറ്റി: വിവാഹം സ്വർഗത്തിൽ നടന്നതിനു തുല്യമായ സന്തോഷത്തിലാണു ലൂക്കാ ഷേഫർ-ലെറ്റീഷ്യ വേര ദന്പതികൾ. വത്തിക്കാനിൽ ശനിയാഴ്ച ഇവരുടെ വിവാഹം ആശീർവദിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്. വിവാഹവേദിയിലേക്കു മാർപാപ്പയെത്തിയപ്പോൾ അതിഥികൾക്കൊക്കെയും അദ്ഭുതമായിരുന്നു.
മാർപാപ്പയുടെ സുരക്ഷാചുമതലയുള്ള സ്വിസ് ഗാർഡിലെ അംഗമാണ് ലൂക്ക. വേരയാകട്ടെ വത്തിക്കാൻ മ്യൂസിയത്തിലെ മുൻ ജോലിക്കാരിയും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് അടുത്തുള്ള സെന്റ് സ്റ്റീഫൻസ് ഓഫ് ദ അബിസീനിയൻസ് പള്ളിയിലായിരുന്നു വിവാഹം. ഫ്രാൻസിസ് മാർപാപ്പയാണു ആശീർവദിക്കുന്നതെന്ന കാര്യം ദന്പതികൾക്കു മാത്രമറിയാവുന്ന രഹസ്യമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഫാ. ഒമർ റെപ്പോസോയ്ക്കുപോലും ഇക്കാര്യം അറിയില്ലായിരുന്നു. അതിനാൽതന്നെ മാർപാപ്പയുടെ ആഗമനം എല്ലാവരിലും അന്പരപ്പുളവാക്കി.
ഫ്രാൻസിസ് മാർപാപ്പ വിവാഹം ആശീർവദിക്കുന്നത് ഇതാദ്യമല്ല. 2014ൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപതു ദന്പതികളുടെ വിവാഹവും 2016ൽ ബധിരദന്പതികളുടെ വിവാഹവും അദ്ദേഹം ആശീർവദിച്ചിരുന്നു.
വിവാഹം ആശീർവദിക്കാൻ എത്തിയതു മാർപാപ്പ; അന്പരപ്പോടെ അതിഥികൾ
11:15 PM Jul 18, 2018 | Deepika.com