വാഷിംഗ്ടൺ ഡിസി: 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിൽ റഷ്യൻ പട്ടാള ചാരസംഘടനയായ ജിആർയുവിലെ 12 ഓഫീസർമാർക്കെതിരേ അവരുടെ അഭാവത്തിൽ യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് കുറ്റപത്രം സമർപ്പിച്ചു.
ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി തിങ്കളാഴ്ച ഹെൽസിങ്കിയിൽ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിൽനിന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറണമെന്നു പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ, ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാണ്ടേഴ്സ് അറിയിച്ചു.
ട്രംപിന്റെ വിജയത്തിനായി റഷ്യൻ ഇടപെടൽ ഉണ്ടായോ എന്നതിനെക്കുറിച്ചു സ്പെഷൽ കോൺസൽ റോബർട്ട് മ്യൂളർ നടത്തുന്ന അന്വേഷണത്തിലാണ് കുറ്റപത്രം നൽകിയത്. തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി ഹില്ലരി ക്ലിന്റണിന്റെ പ്രചരണവിഭാഗത്തിന്റെ കംപ്യൂട്ടറുകൾ റഷ്യൻ ഉദ്യോഗസ്ഥർ ഹാക്ക് ചെയ്തു വിവരങ്ങൾ ശേഖരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തുവെന്നു കുറ്റപത്രത്തിൽ പറയുന്നു.
കുറ്റപത്രത്തിലെ വിശദാംശങ്ങൾ ട്രംപിനെ അറിയിച്ചിരുന്നുവെന്ന് അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റെയിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്വേഷണം റഷ്യയുമായുള്ള യുഎസ് ബന്ധത്തെ ബാധിക്കുന്നതായി ബ്രിട്ടനിലുള്ള ട്രംപ് കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്പു പറഞ്ഞിരുന്നു.
ഹെൽസിങ്കി ഉച്ചകോടിക്കു തുരങ്കംവയ്ക്കുക ലക്ഷ്യമിട്ടാണ് യുഎസ് അധികൃതർ കുറ്റപത്രം സമർപ്പിച്ചതെന്നു റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. കുറ്റപത്രത്തിൽ പറയുന്ന 12 പേർക്ക് റഷ്യൻ പട്ടാള ഇന്റലിജന്സുമായി ബന്ധമുണ്ടെന്നതിനോ ഹാക്കിംഗ് നടത്തിയതിനോ തെളിവില്ലെന്നും മന്ത്രാല യം കൂട്ടിച്ചേർത്തു.
ഇതോടെ മ്യൂളറുടെ അന്വേഷണത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം 32 ആയി. ഭൂരിഭാഗവും റഷ്യക്കാരാണ്. മൂന്നു കന്പനികളും ട്രംപിന്റെ നാലു മുൻ ഉപദേശകരും ഇതിൽ ഉൾപ്പെടുന്നു. ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിൻ, മുൻ വിദേശനയ ഉപദേഷ്ടാവ് ജോർജ് പാപഡാവോപൗലോസ് എന്നിവർ റഷ്യക്കാരുമായി ഉണ്ടായിരുന്ന ബന്ധം മറച്ചുവച്ചെന്നു കുറ്റസമ്മതം നടത്തിയിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ട്രംപിന്റെ പ്രചരണ വിഭാഗം മേധാവിയായിരുന്ന പോൾ മാൻഫോർട്ടും അദ്ദേഹത്തിന്റെ സഹായി റിക് ഗേറ്റ്സും പണം വെളുപ്പിക്കൽ കുറ്റത്തിന് അറസ്റ്റിലായി.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടൽ: 12 റഷ്യൻ ഓഫീസർമാർക്കെതിരേ യുഎസിൽ കുറ്റപത്രം
11:30 PM Jul 14, 2018 | Deepika.com