ചിയാംഗ്റായ്(തായ്ലൻഡ്): ലോകം ശ്വാസമടക്കി പ്രാർഥനയുമായി കാത്തിരുന്ന 12 പേരുടെയും പരിശീലകനെയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു.
കുടുങ്ങിയവരിലെ കുഞ്ഞൻ 12 വയസുകാരൻ ചാനിൻ വിബുൻറംഗ്റുവാംഗും ടീമിലെ ഇടതുവിംഗറും ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന പതിന്നാലുകാരൻ അതുൽ സാമനും ഉൾപ്പെടെ എല്ലാവരും ലോകത്തിന്റെ കണ്ണിലുണ്ണികളായി. തായ്ലൻഡിലെ മേ സായി ജില്ലയിലെ താം ലുവാംഗ് ഗുഹയുടെ ആഴത്തിലെ ഇരുട്ടിൽ വൈൽഡ് ബോർസ് ഫുട്ബോൾ ടീമിനു മുന്നിൽ ഒരാഴ്ച മുന്പ് അവതരിച്ച വെളിച്ചം കൊണ്ടുവന്നത് ബ്രിട്ടീഷുകാരായ രണ്ടു മുങ്ങൽവിദഗ്ധരാണെന്നതോ ലോകം മുഴുവൻ പ്രചരിച്ച വാർത്തകളോ സഹാനുഭൂതിയോ ഒന്നും അറിഞ്ഞിരുന്നില്ല. അതുൽസാമൻ ഇന്ന് ഏതു ദിവസമാണെന്ന് ചോദിച്ചതും താനും കൂട്ടൂകാരും വിശന്നിരിക്കുകയാണെന്നതും ഇംഗ്ലീഷിൽ ആ മുങ്ങൽവിദഗ്ധർ അറിയിച്ചു. ആ കുട്ടികൾ അകത്തു ജീവനോടെയുണ്ടെന്ന വെളിപ്പെടലോടെ തായ്ലൻഡ് ഒന്നടങ്കം വൈൽഡ് ബോർസ് ടീമംഗങ്ങൾക്കായി ഒന്നിക്കുകയായിരുന്നു. ആ അദ്ഭുതങ്ങൾ ഇവരാണ്.
ഇകാറാത്ത് വോംഗ്സുക്ചാൻ: ബ്യൂ എന്ന വിളിപ്പേരുള്ള ഈ പതിന്നാലുകാരനാണു ടീമിലെ ഗോളി. കഴിഞ്ഞ കുറച്ചു വർഷങ്ങൾകൊണ്ട് കളിമിടുക്ക് തെളിയിച്ചവനാണു ബ്യൂ.
പിപറ്റ് ബോധി: ബ്യൂവിന്റെ ഉറ്റചങ്ങാതിയാണു നിക്ക് എന്ന വിളിപ്പേരുള്ള പതിനഞ്ചുകാരൻ പിപറ്റ് ബോധി. ബ്യൂവിനൊപ്പം പ്രാക്ടീസ് മാച്ച് കാണാനെത്തിയതാണു നിക്ക്.
പ്രജാക് സുതാം: നോട്ട് എന്നു വിളിപ്പേരുള്ള പതിന്നാലുകാരൻ പ്രജാക് സുതാം മിഡ്ഫീൽഡറെങ്കിലും ചില സമയങ്ങളിൽ ഗോളിയായും കളിക്കുന്നു. രണ്ടു വർഷമായി ടീമംഗമാണ്.
പോൻചായ്കംലുവാംഗ്: ടി എന്ന വിളിപ്പേരുള്ള പതിനാറുകാരൻ പോൻചായ്കംലുവാംഗ് ടീമിൽ പ്രതിരോധനിരയിൽ കളിക്കുന്നു.
പനുമാസ് സംഗ്ദീ: മിഗ് എന്നു വിളിപ്പേരുള്ള പതിമ്മൂന്നുകാരൻ പനുമാസ് സംഗ്ദീയും മികച്ച പ്രതിരോധ നിരക്കാരനാണ്.
സംപോംഗ് ജയ്വോംഗ്: പോംഗ് എന്നു വിളിപ്പേര്. 13 വയസുകാരൻ ടീമിലെ മിഡ്ഫീൽഡറാണ്.
അതുൽ സാമൻ: ഈ ഇടതു വിംഗറാണ് തെരച്ചിലിനെത്തിയ മുങ്ങൽവിദഗ്ധരോട് ഇംഗ്ലീഷിൽ സംസാരിച്ചു തായ്ലൻഡുകാരുടെ മനം കവർന്നത്.
പിരാപത് സോംപിയാംഗ്ജെയ്: നൈറ്റ് എന്നു വിളിപ്പേര്. മിഡ്ഫീൽഡിൽ കളിക്കുന്നു.
ചാനിൻ വിബുൽറംഗ്റുവാംഗ്: ടൈറ്റൻ എന്നു വിളിപ്പേര്. ടീമിലെ കുഞ്ഞനെങ്കിലും മുന്നേറ്റ നിരയിൽ കളിക്കുന്നു.
ദുഗാൻപെറ്റ് പ്രോംദെപ്: ദോമെന്നു വിളിപ്പേര്. പതിമൂന്നുകാരനായ ഈ മുന്നേറ്റ നിരക്കാരനാണു ടീമിന്റെ ക്യാപ്റ്റൻ.
നാത്വുട് തകാംസെ: വിളിപ്പേര് ട്ലേ. പതിന്നാലുകാരൻ ടീമിലെ മൂന്നാമത്തെ മുന്നേറ്റനിരക്കാരനാണ്.
മംഗോൾ ബൂനിയാം: മാർക്ക് എന്നു വിളിപ്പേര്. ഇൗ പതിന്നാലുകാരൻ ട്രെയിനിയാണ്.
ഇകപോൾ ചാൻടവോംഗ്: അകി എന്ന വിളിപ്പേരുള്ള ഇകപോൾ ചാൻടവോംഗ് ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ്. ബുദ്ധ സന്യാസിയായിരുന്ന ഇദ്ദേഹം സന്യാസം വിട്ടു മുത്തശിയെ പരിചരിക്കുന്നു. ടീമംഗങ്ങളെ ഗുഹയിലേക്കു കൊണ്ടുപോയത് ചാൻടവോംഗ് ആണ്.
ഇവർ കണ്ണിലുണ്ണികൾ
01:15 AM Jul 11, 2018 | Deepika.com