മുംബൈ: വൈദ്യുതവാഹന നിർമാണരംഗത്തേക്കു കടന്നു പ്രമുഖ വാഹന നിർമാതക്കളായ മാരുതി സുസുകി. വാഗൺ ആറിന്റെ ഇലക്ട്രിക് വേർഷൻ ആയിരിക്കും കന്പനിയുടെ ആദ്യത്തെ വൈദ്യുതകാർ എന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു വാഹനനിർമാണക്കന്പനിയായ ടൊയോട്ടയുമായി സഹകരിച്ചാണത്രേ മാരുതി, വൈദ്യുത വാഗൺ ആർ നിർമിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച വാഗൺ ആർ ഇലക്ട്രിക് വേർഷന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ചു കന്പനിയുടെ ഭാഗത്തുനിന്ന് ഓദ്യോഗിക പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ഗുജറാത്തിൽ, ഇലക്ട്രോണിക് കന്പനിയായ തോഷിബയുമായി സഹകരിച്ചു മാരുതി ബാറ്ററിനിർമാണ പ്ലാന്റ് ആരംഭിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. 2020ൽ വൈദ്യുത വാഗൺ ആർ പുറത്തിറങ്ങുമെന്നാണ് കേൾക്കുന്നത്. ഇന്ത്യൻ നിരത്തുകളിലേക്കു വൈദ്യുത വാഹനങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുവാഹനനയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ ഒട്ടുമിക്ക വാഹനനിർമാതാക്കളും ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2030 ഓടെ ഡീസൽ- പെട്രോൾ വാഹനങ്ങൾ ഇന്ത്യൻ നിർത്തുകളിൽനിന്ന് ഒഴിവാക്കാനുള്ള പദ്ധതികളാണു കേന്ദ്രസർക്കാർ വിഭാവനംചെയ്യുന്നത്.
വരുന്നൂ, വാഗൺ ആർ ഇലക്ട്രിക് വേർഷൻ
01:12 AM Jul 08, 2018 | Deepika.com