ന്യൂഡൽഹി: അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്കു പിഴച്ചുങ്കം ചുമത്തിയത് വാൾനട്ട്, ബദാം (ആൽമണ്ട്), ആപ്പിൾ തുടങ്ങിയവയുടെ വിലകൂടാൻ ഇടയാക്കും. ഇവയുടെ വിലവർധന ജമ്മു-കാഷ്മീരിലും ഹിമാചൽപ്രദേശിലും ഉത്പാദകർക്കു നേട്ടമാകും.
വാൾനട്ടിന് 30 ശതമാനമായിരുന്ന ഇറക്കുമതിച്ചുങ്കം ആദ്യം നൂറും പിന്നെ 120ഉം ശതമാനം ആക്കി. പ്രതിവർഷം 15,000 ടൺ വാൾനട്ട് അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഉത്പാദനം 2.18 ലക്ഷം ടൺ വരും.
ബദാമിന്റെ കാര്യത്തിൽ ആഭ്യന്തര ഉത്പാദനം കുറവാണ്. പ്രതിവർഷം 1.3 ലക്ഷം ടൺ ഇറക്കുമതി ചെയ്യുന്നു. തോടോടുകൂടിയതിനു കിലോഗ്രാമിന് 35 രൂപയിൽനിന്ന് 42 രൂപയിലും തോടില്ലാത്തതിന് 100 രൂപയിൽനിന്ന് 120 രൂപയായുമാണു ചുങ്കം കൂട്ടിയത്.
ആപ്പിളിനു ചുങ്കം 50ൽനിന്ന് 75 ശതമാനമാക്കി. ഇന്ത്യ പ്രതിവർഷം രണ്ടര ലക്ഷം ടൺ ആപ്പിൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിൽ പകുതിയോളം അമേരിക്കയിൽനിന്നാണ്. ആഭ്യന്തര ഉത്പാദനം 15 ലക്ഷം ടൺ വരും.
പിഴച്ചുങ്കം: ബദാം, വാൾനട്ട്, ആപ്പിൾ വില കൂടും
11:43 PM Jun 25, 2018 | Deepika.com