കാരക്കാസ്: പണപ്പെരുപ്പം 24,571 ശതമാനം. ലാറ്റിനമേരിക്കയിലെ തീവ്ര ഇടതുപക്ഷ രാജ്യമായ വെനസ്വെലയിലെ സ്ഥിതി.
ദിവസം 2.4 ശതമാനമാണു വിലക്കയറ്റം. ഒരുവർഷംകൊണ്ട് വില 245 മടങ്ങ് കയറും.
രാജ്യത്തെ കേന്ദ്രബാങ്കോ സർക്കാരോ പണപ്പെരുപ്പനിരക്ക് പുറത്തുവിടുന്നില്ല. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റാണ് ഈ നിരക്ക് പരസ്യപ്പെടുത്തിയത്. പണപ്പെരുപ്പം മൂന്നുലക്ഷം ശതമാനത്തിലെത്തുമെന്നാണ് എംപിമാരുടെ പ്രവചനം.
രാജ്യത്തെ കറൻസി ബൊളിവാർ. ഒരു കിലോ ഇറച്ചി വാങ്ങാൻ വേണ്ടത് 20 ലക്ഷം ബൊളിവാർ. ഒരു സർക്കാർ ഡോക്ടറുടെ മാസശന്പളം 60 ലക്ഷം ബൊളിവാർ! രാജ്യത്തെ കുറഞ്ഞ വേതനം മേയിൽ ഇരട്ടിപ്പിച്ച് 25 ലക്ഷം ബൊളിവാർ ആക്കിയിരുന്നു.
ജനുവരിയിൽ ഒരു അമേരിക്കൻ ഡോളർ കിട്ടാൻ 3100 ബൊളിവാർ മതിയായിരുന്നു. ഏപ്രിൽ ആദ്യം അത് 41,000 ആയി. ഈ ചൊവ്വാഴ്ച 79,900 ബൊളിവാറാണ് ഒരു ഡോളറിന്റെ വില.
അമേരിക്കയുമായി ഉടക്കിയാണു വെനസ്വെല നില്ക്കുന്നത്. മുന്പു ഹ്യൂഗോ ഷാവെസും ഇപ്പോൾ നിക്കോളാസ് മഡൂറോയും സന്പൂർണ സർക്കാർ നിയന്ത്രിത സന്പദ്ഘടനയ്ക്കുവേണ്ടി നിൽക്കുന്നു. ക്രൂഡ് ഓയിൽ കയറ്റുമതിയാണു മുഖ്യവരുമാനം. കന്പനികളെ ദേശസാത്കരിച്ചതു മൂലം പുതിയ സാങ്കേതികവിദ്യ കിട്ടുന്നില്ല; എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണിയും നടക്കുന്നില്ല. തന്മൂലം കയറ്റുമതി വളരെ കുറവായി.
ഹൈപ്പർ ഇൻഫ്ളേഷൻ
യാതൊരു നിയന്ത്രണവുമില്ലാതെ കടിഞ്ഞാൺ പൊട്ടിച്ചു പായുന്ന വിലക്കയറ്റം അഥവാ പണപ്പെരുപ്പം പതിനായിരക്കണക്കിനു ശതമാനം വിലക്കയറ്റം ഉണ്ടായ മുൻ അവസരങ്ങളിൽ ചിലത്.
1. വെയ്മാർ ജർമനി: ഒന്നാം ലോകയുദ്ധത്തിനുശേഷം ജേതാക്കൾക്കു പിഴപ്പണം കൊടുക്കേണ്ടിവന്ന ജർമനി കറൻസി അടിച്ചുകൂട്ടി വലിയ വിലക്കയറ്റത്തിനു വഴി തെളിച്ചു. 1918-24 കാലം. ഒരു ഡോളറിനു ഒരു ലക്ഷം കോടി ജർമൻ മാർക്ക് നല്കേണ്ട അവസ്ഥ വന്നു. 50 ലക്ഷം കോടിമാർക്ക് മൂല്യമുള്ള കറൻസിവരെ അടിച്ചു.
2. ഹംഗറി: രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ (1945-46) ഹംഗറി അനുഭവിച്ച പണപ്പെരുപ്പം ഒരിടത്തും ഉണ്ടായിട്ടില്ല. ഓരോ 15 മണിക്കൂറിലും വിലകൾ ഇരട്ടിച്ചു. 41.9 ക്വാഡ്രില്യൺ (ഒരു ക്വാഡ്രില്യൺ ആയിരം ലക്ഷം കോടി) ശതമാനം വരെയായി പണപ്പെരുപ്പം. ഏറ്റവും കൂടിയ അവസ്ഥയിൽ ഹംഗറിയിലെ മുഴുവൻ കറൻസിയും ചേർന്നാലും ഒരു ഡോളറിന്റെ ആയിരത്തിലൊന്നു കിട്ടുമായിരുന്നില്ല.
3. സിംബാബ്വേ: 2008-09 കാലത്തു സിംബാബ്വേയിലും ദിവസേന വിലകൾ ഇരട്ടിച്ചു. 10,000 കോടി സിംബാബ്വേ ഡോളർ വിലയുള്ള കറൻസി വരെ അടിക്കേണ്ടിവന്നു. ജനങ്ങൾ അയൽരാജ്യ കറൻസികൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തി.
വെനസ്വെലയിൽ പണപ്പെരുപ്പം 24,571 ശതമാനം!!
01:10 AM Jun 14, 2018 | Deepika.com