കൊച്ചി: സെൻട്രൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ജിഎസ്ടി റീഫണ്ട് വാരാചരണം നാളെ സമാപിക്കുമെന്നു സെൻട്രൽ എക്സൈസ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു പത്രസമ്മേളനത്തിൽ പറഞ്ഞു. ജിഎസ്ടി തിരിച്ചു ലഭിക്കാത്ത കയറ്റുമതിക്കാരെ സഹായിക്കാനാണു റീഫണ്ട് വാരാചരണം നടത്തുന്നത്.
ഏപ്രിൽ 30 വരെ അപേക്ഷിച്ചിട്ടുള്ള റീഫണ്ട് ക്ലെയിമുകളാണ് വാരാചരണത്തിന്റെ ഭാഗമായി തീർപ്പാക്കുന്നത്. കയറ്റുമതിക്കാർക്ക് 24 മണിക്കൂറും ഓഫീസർമാരുടെ സേവനം ഓണ്‍ലൈനിലും ഓഫ് ലൈനിലും ലഭിക്കും. ഐജിഎസ്ടി, ഐടിസി റീഫണ്ടുകൾ സംബന്ധിച്ച പരാതികൾ ഈ ഘട്ടത്തിൽ പരിഹരിച്ചു നൽകും. കയറ്റുമതി ഘട്ടത്തിൽ നൽകിയ ഐജിഎസ്ടി തിരികെ ലഭിക്കാനായി ജിഎസ്ടിആർ 3ബിയും ജിഎസ്ടിആർ വണ്‍ (ടേബിൾ 6എ)യും ഷിപ്പിംഗ് ബില്ലുകളും കസ്റ്റംസിന്റെ ഇഡിഐ സിസ്റ്റത്തിൽ എന്റർ ചെയ്യണം. നേരിട്ട് ഓഫീസിലെത്താതെ തന്നെ ജിഎസ്ടി റീഫണ്ട് ലഭിക്കും.
ഐടിസി നൽകിയവർ തിരികെ ലഭിക്കാൻ ജിഎസ്ടി വെബ്സൈറ്റിൽ ജിഎസ്ടി ആർഎഫ്ഡി 01എ എന്ന ഫോറം പൂരിപ്പിച്ച് കേന്ദ്ര/സംസ്ഥാന ഓഫീസുകളിൽ നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി റീഫണ്ട് വാരാചരണം നാളെ സമാപിക്കും
11:59 PM Jun 12, 2018 | Deepika.com