തിരുവനന്തപുരം/സിഡ്നി: കേരളത്തിൽനിന്നുള്ള ടൂൺസ് മീഡിയ ഗ്രൂപ്പും ഓസ്ട്രേലിയൻ സ്ഥാപനമായ യെല്ലോ എന്റർടെയിൻമെന്റും പരസ്പര സഹകരണത്തിന്. പ്രീ സ്കൂൾ വിദ്യാർഥികൾക്കായി യെല്ലോ എന്റർടെയിൻമെന്റ് നിർമിക്കുന്ന ആനിമേറ്റഡ് പരമ്പരയുടെ നിർമാണം, ആഗോളതലത്തിലുള്ള വിതരണം എന്നിവയാണ് ടൂൺസ് മീഡിയ ചെയ്യുക.
ദ വിഗ്ഗിൾസ് സഹസ്ഥാപകനും യെല്ലോ എന്റർടെയിൻമെന്റ് പ്രസിഡന്റുമായ ഗ്രെഗ് പേജ് ആയിരിക്കും സംയുക്ത സംരംഭത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ടൂൺസ് സിഇഒ പി. ജയകുമാറും യെല്ലോ എന്റർടെയിൻമെന്റ് ക്രിയേറ്റീവ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് അലെക് മില്ലറുമായിരിക്കും പ്രൊഡ്യൂസർമാർ. പ്രീ പ്രൊഡക്ഷൻ, ഐപി ക്രിയേഷൻ, സ്ക്രിപ്റ്റ്, സംഗീതം എന്നിവ യെല്ലോ എന്റ്ർടെയിൻമെന്റ് നിർവഹിക്കും. ടൂൺസ് മീഡിയയുടെ കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള പരിപാടികളുടെ ആഗോള വിതരണം നടത്തുന്ന ഇമിര എന്റർടെയിൻമെന്റും യെല്ലോ എന്റർടെയിൻമെന്റുമായി സഹകരിക്കും.
ഇരുപത്തഞ്ചു വർഷം മുമ്പ് കുട്ടികൾക്കുവേണ്ടിയുള്ള ബ്രാൻഡ് എന്ന ആശയത്തിൽ ഗ്രെഗ് പേജ് സ്ഥാപിച്ചതാണ് വിഗ്ഗിൾസ്. പ്രവർത്തനപാരമ്പര്യത്തിന്റെ മികവിൽ ഇന്ന് ശതകോടി ഡോളറിനു മുകളിലാണ് വിഗ്ഗിൾസിന്റെ മൂല്യം.
കുട്ടികൾക്കായി ആനിമേറ്റഡ് പരമ്പരകളിലൂടെ രാജ്യത്തെ മുൻനിര ആനിമേഷൻ സ്റ്റുഡിയോകളിലൊന്നായി മാറിയ സ്ഥാപനമാണ് ടൂൺസ്. ആഗോള തലത്തിൽ വാൾട്ട് ഡിസ്നി, ടർണർ, സോണി, യൂണിവേഴ്സൽ, ബിബിസി, പാരമൗണ്ട് എന്നിവയുമായി ടൂൺസിനു സഹകരണമുണ്ട്.
ടൂൺസ് മീഡിയ ഗ്രൂപ്പും യെല്ലോ എന്റർടെയിൻമെന്റും കൈകോർക്കും
11:07 PM Jun 11, 2018 | Deepika.com