മുംബൈ: ശബ്ദമുണ്ടാക്കി നിരത്തുകളിൽ കുതിച്ചുപായുന്ന ബുള്ളറ്റുകളാണ് റോയൽ എൻഫീൽഡിന്റെ മുഖമുദ്ര. ഇനി ശബ്ദമില്ലാത്ത വാഹനങ്ങളും റോയൽ എൻഫീൽഡിൽനിന്ന് നിരത്തിലെത്തിയേക്കും. റോയൽ എൻഫീൽഡ് ഇപ്പോൾ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്ലാറ്റ്ഫോം ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് ഐഷർ മോട്ടോഴ്സ് മേധാവി സിദ്ധാർഥ ലാൽ പറഞ്ഞു. നിർമലമായ ഭാവിക്ക് ഇലക്ട്രിക് വാഹനങ്ങൾ അത്യാവശ്യമാണെന്നുകണ്ടാണ് കമ്പനിയുടെ നീക്കം.
കമ്പനിയിലെ വിദഗ്ധരുടെ ഒരു ചെറിയ ടീം ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോം തയാറാക്കാനുള്ള ശ്രമത്തിലാണ്. യുകെയിലെ ടെക്നോളജി സെന്ററിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് റോയൽ എന്‍ഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിംഗ് പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ കേന്ദ്രസർക്കാർ അതീവ പരിഗണന നല്കുന്നതിനാൽ ഹീറോ മോട്ടോ കോർപ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ തുടങ്ങിയ ഇരുചക്രവാഹന നിർമാതാക്കൾ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയാണ് കമ്പനികൾ ഇലക്ട്രിക് രംഗത്തേക്ക് കടക്കുന്നത്. ഹീറോ മോട്ടോ കോർപ്പിനു നിക്ഷേപമുള്ള ആതെർ എനർജി രണ്ട് ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾ ഇന്നലെ വിപണിയിൽ അവതരിപ്പിച്ചു.
റോയൽ എൻഫീൽഡ് ഇലക്ട്രിക് വാഹന രംഗത്തേക്ക്!
12:48 AM Jun 06, 2018 | Deepika.com