കൊച്ചി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ കീഴിലുള്ള ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് എംപ്ലോയീസ് അഖിലേന്ത്യാ തലത്തിൽ നടത്തിയ പരിശോധനയിൽ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന് റണ്ണർ അപ് പുരസ്കാരം. ഇൻഡസ്ട്രിയൽ റിലേഷൻസിൽ കന്പനിയുടെ സ്ഥിരതയാർന്ന പ്രകടനമാണ് ഈ നേട്ടത്തിന് അർഹമാക്കിയത്. ന്യൂഡൽഹിയിൽ നടന്ന അവസാനവട്ട വിദഗ്ധ പരിശോധനയിലാണ് എച്ച്എംഎലിന് ഈ നേട്ടം. പുരസ്കാരത്തിന്റെ ആദ്യഘട്ട സ്ക്രീനിംഗ് ചെന്നൈയിൽ പൂർത്തിയാക്കിയിരുന്നു.
“സുതാര്യവും, സമഗ്രവുമായ ആശയവിനിമയം, വിവരപങ്കാളിത്തം, എല്ലാ നിലകളിലുമുള്ള ജീവനക്കാർക്ക് നല്കുന്ന സാങ്കേതികപരിശീലനം, ജീവനക്കാരുടെ ഇടപഴകൽ പ്രവർത്തനങ്ങൾ, സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ, സ്ത്രീശാക്തീകരണം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നിവയിലെല്ലാം കന്പനി വ്യവസ്ഥാപിതമായ ഒരു സംവിധാനം പിന്തുടരുന്നുണ്ടെന്ന് എച്ച്എംഎൽ സിഇഒയും സ്ഥിര ഡയറക്ടറുമായ എൻ. ധർമരാജ് പറഞ്ഞു.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ 13,000ൽപരം വരുന്ന ജീവനക്കാരിൽ 60 ശതമാനവും സ്ത്രീകളാണ്. കേരളത്തിലും തമിഴ്നാട്ടിലെ നീലഗിരിയിലുമാണ് എച്ച്എംഎലിന് പ്ലാനറ്റേഷനുകളുള്ളത്.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന് പുരസ്കാരം
10:29 PM May 18, 2018 | Deepika.com