മുംബൈ: കർണാടക തെരഞ്ഞെടുപ്പുഫലം കന്പോളങ്ങളെ ഉലച്ചു. 16 മാസത്തിൽ ആദ്യമായി ഡോളർവില 68 രൂപയ്ക്കു മുകളിലായി. കടപത്രങ്ങൾക്കു വില താണു. ഓഹരികൾക്ക് ഇടിവ്.
കർണാടക നിയമസഭയിൽ ബിജെപി നല്ല ഭൂരിപക്ഷം നേടുമെന്ന സൂചന രാവിലെ ലഭിച്ചപ്പോൾ കന്പോളങ്ങളും രൂപയും ഉയർന്നതായിരുന്നു.
സെൻസെക്സ് ഒരവസരത്തിൽ 436 പോയിന്റ് കയറി 35,993.53ലെത്തി. പിന്നീട് ബിജെപിക്ക് ഭൂരിപക്ഷമില്ലെന്നു വന്നതോടെ സൂചിക തിരിച്ചിറങ്ങി. ഒടുവിൽ 12.77 പോയിന്റ് താഴ്ചയിൽ 35,543.94ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 10,929.2 വരെ കയറിയിരുന്നു. ക്ലോസ് ചെയ്തത് 4.75 പോയിന്റ് താഴ്ചയിൽ 10,801.85ലാണ്.
രൂപയും തുടക്കത്തിൽ നേട്ടം കുറിച്ചു. ഡോളർവില തലേന്നത്തെ 67.51 രൂപയിൽനിന്ന് 67.46 വരെ എത്തി. എന്നാൽ, ഉച്ചയ്ക്കു ശേഷം കഥ മാറി. ഡോളർ 68.14 രൂപ വരെ എത്തി. ഒടുവിൽ ക്ലോസ് ചെയ്തത് 56 പൈസ കൂടി 68.07 രൂപയിൽ. വിദേശവ്യാപാരകമ്മി ഇരട്ടിച്ചതായ കണക്ക് വ്യാപാരവേള കഴിഞ്ഞാണ് പുറത്തുവന്നത്. അത് ഇന്നു രൂപയ്ക്കു ക്ഷീണം വരുത്താം.
ക്രൂഡ് ഓയിൽ (ബ്രെന്റ് ഇനം) വില വീപ്പയ്ക്ക് 79.51 ഡോളർവരെ എത്തിയിട്ടുണ്ട്. ഇതും രൂപയെ ദുർബലമാക്കും.
ഡോളർ @ 68.07
10:56 PM May 15, 2018 | Deepika.com