ചെന്നൈ: ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര റെയിൽ കോച്ച് എക്സ്പോയ്ക്ക് (ഐആർസിഇ) ഇന്ത്യ വേദിയാകും. തമിഴ്നാട്ടിലെ ചെന്നൈയിൽ ഐസിഎഫ്, ആർപിഎഫ് പരേഡ് ഗ്രൗണ്ടുകളിൽ നാളെ മുതൽ 19 വരെയാണ് എക്പോ നടക്കുക. റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐസിഎഫ്)യുടെ നേതൃത്വത്തിൽ സിഐഐ(കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്)യും ആർഐടിഇഎസ് ലിമിറ്റഡുമാണ് എക്സ്പോയുടെ സംഘാടകർ.
പത്തിലധികം രാജ്യങ്ങളിൽനിന്ന് നൂറിൽപരം കമ്പനികൾ എക്സ്പോയുടെ ഭാഗമാകും. പ്രമുഖ കമ്പനികളുടെ റെയിൽ കോച്ചുകൾ, ട്രെയിൻ സെറ്റുകൾ തുടങ്ങിയവ ഇന്ത്യയിൽ ആദ്യമായി പ്രദർശനത്തിന് അണിനിരക്കും. എക്സ്പോയുടെ ഭാഗമായി റെയിൽ കോച്ച്, ട്രെയിൻ സെറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് കോൺഫറൻസുകളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
നാളെ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യുന്ന അന്താരാഷ്ട്ര റെയിൽ കോച്ച് എക്സ്പോ സന്ദർശിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെയാണ് സന്ദർശന സമയമെങ്കിലും 17, 18 തീയതികളിൽ വൈകുന്നേരം മൂന്നു മുതൽ ആറു വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കുക.
അന്താരാഷ്ട്ര റെയിൽ കോച്ച് എക്സ്പോ ചെന്നൈയിൽ
10:56 PM May 15, 2018 | Deepika.com