ലണ്ടൻ: ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ രഘുറാം രാജനും. ബ്രിട്ടന്റെ കേന്ദ്രബാങ്ക് ആണു ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
അടുത്ത വർഷമാണു ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയുടെ കാലാവധി പൂർത്തിയാകുക. അതിനു വളരെ മുന്പേ പകരക്കാരനെ തേടാനാരംഭിച്ചു. റിസർവ് ബാങ്കിൽ കാലാവധി നീട്ടിക്കിട്ടാത്ത രാജൻ ഷിക്കാഗോയിലെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ പ്രഫസറാണ്. രാജനെ ഗവർണറായി ലഭിച്ചാൽ അതു ബ്രിട്ടീഷ് ധനമന്ത്രി ഫിലിപ്പ് ഹമാണ്ടിനു വലിയ അട്ടിമറി നേട്ടമാകുമെന്ന് അതു റിപ്പോർട്ട് ചെയ്ത ഫിനാൻഷ്യൽ ടൈംസ് എഴുതി. ഐഎംഎഫിൽ ചീഫ് ഇക്കണോമിസ്റ്റും ആയിരുന്നു രഘുറാം രാജൻ.
മെക്സിക്കോയുടെ കേന്ദ്രബാങ്ക് മേധാവി- അഗസ്റ്റിൻ കാഴ്സ്റ്റൻസ്, ഇന്ത്യൻ വംശജയും ഗോർഡൻ ബ്രൗണിന്റെ കീഴിൽ വ്യവസായമന്ത്രിയും ആയിരുന്ന ശ്രിതി വദേര എന്നിവരും പരിഗണനയിലുണ്ട്. പ്രഭുസഭാംഗമായ വദേര ലേബർ പാർട്ടിക്കാരിയാണെങ്കിലും വലിയ ഇടതുപക്ഷക്കാരിയല്ല. ഇപ്പോൾ സ്പാനിഷ് ബാങ്ക് സന്റാൻഡറിന്റെ ബ്രിട്ടീഷ് ഉപകന്പനിയുടെ മേധാവിയാണ്.
രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആക്കാൻ ശ്രമം
12:59 AM Apr 24, 2018 | Deepika.com