വാഷിംഗ്ടൺ ഡിസി: ഫലമുണ്ടാകില്ലെന്നു ബോധ്യപ്പെട്ടാൽ ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്ക സന്ദർശിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആണവ നിരായുധീകരണത്തിനായി ഉത്തരകൊറിയയ്ക്കുമേൽ പരമാവധി സമ്മർദം ചെലുത്തും. ഫലമുണ്ടാകില്ലെന്നു ബോധ്യപ്പെട്ടാൽ കൂടിക്കാഴ്ച നടക്കില്ല.
ഉത്തരകൊറിയയിൽ തടവിൽ കഴിയുന്ന മൂന്ന് അമേരിക്കക്കാരുടെ മോചനവും കിമ്മുമായുള്ള കൂടിക്കാഴ്ചയിൽ വിഷയമാകുമെന്ന് ട്രംപ് അറിയിച്ചു.കിമ്മുമായുള്ള കൂടിക്കാഴ്ച ജൂണിലോ അതിനു മുന്പോ നടന്നേക്കുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി സിഐഎ മേധാവി മൈക്ക് പോംപിയോ പ്യോംഗ്യാംഗിലെത്തി കിമ്മിനെ കണ്ടകാര്യവും അദ്ദേഹം സ്ഥിരീകരിച്ചു.
ഫലമില്ലെങ്കിൽ കിമ്മുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കും: ട്രംപ്
11:31 PM Apr 19, 2018 | Deepika.com