രാജ്യത്തു കറൻസി കൂടുതലാണെന്നാണ് 18 മാസം മുന്പു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതുകൊണ്ട് 2016 നവംബർ എട്ടിന് 500 രൂപ, 1000 രൂപ കറൻസികൾ പിൻവലിച്ചു. അന്നു രാജ്യത്ത് 17.94 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസിയാണു പ്രചാരത്തിലിരുന്നത്. അതിൽ 15.42 ലക്ഷം കോടി രൂപയ്ക്കുള്ളവ പിൻവലിച്ചു.
പകരം 200 രൂപ, 500 രൂപ, 2000 രൂപ കറൻസികൾ ഇറക്കി. ഈ ഏപ്രിൽ ഒൻപതിനു റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച്, 18.43 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി രാജ്യത്തു പ്രചാരത്തിലുണ്ട്.
എന്നിട്ടും വേണ്ടത്ര കറൻസി ഇല്ല. എന്തുകൊണ്ട്?
ഒറ്റവാക്യത്തിൽ ഉത്തരം പറയാം: ജനങ്ങൾക്കു ഗവൺമെന്റിലും ബാങ്കുകളിലും വിശ്വാസം കുറഞ്ഞതുകൊണ്ട്.
കൈയിൽ കിട്ടുന്ന പണം ബാങ്കുകളിലേക്കു തിരിച്ചുകൊണ്ടുപോകാൻ വ്യാപാരികളും കർഷകരും മറ്റും തയാറാകുന്നില്ല. വീണ്ടും കറൻസി പിൻവലിക്കുമോ എന്ന ഭയം ചിലർക്ക്; ബാങ്കുകൾക്കു പ്രശ്നം വന്നാൽ അവിടെ പണം നിക്ഷേപിച്ചവരുടെ പണം എടുത്തു ബാങ്കിനെ രക്ഷിക്കാൻ ബിൽ തയാറാക്കി വച്ചതിനെച്ചൊല്ലിയുള്ള ഭീതി മറ്റൊരു പങ്കിന്.
ഇതിനു പുറമേ കർണാടക തെരഞ്ഞെടുപ്പ്, ഗോതന്പ്-കടല സംഭരണങ്ങൾ എന്നിവയ്ക്കും കൂടുതൽ പണം ചെലവാകുന്നു.
രാജ്യത്തു പഴയതിനേക്കാൾ ഗണ്യമായ തോതിൽ പണം ഉണ്ടായിട്ടും അതു കന്പോളത്തിലും ബാങ്കിലും വരുന്നില്ല. കൈയിൽനിന്നു പോയാൽ പിന്നെ തിരിച്ചുകിട്ടിയില്ലെങ്കിലോ എന്ന ആശങ്ക. 2000 രൂപ കറൻസി പൂഴ്ത്തിവയ്ക്കപ്പെടുന്നു എന്നാണു സർക്കാർ കരുതുന്നത്. കുറേ നാളായി അവ അച്ചടിക്കുന്നില്ല എന്നതാണു കാര്യം.
ഇതു വന്നപ്പോൾ 2016-ൽ പറഞ്ഞതെല്ലാം വിഴുങ്ങി കറൻസി അച്ചടിക്കൽ അതിവേഗം ആക്കുകയാണു കേന്ദ്രം. ഒരുമാസത്തിനകം 500 രൂപ കറൻസിയുടെ അച്ചടി അഞ്ചിരട്ടി ആക്കുമത്രെ.
നോട്ട് അടിച്ചു നല്കാത്തതല്ല പ്രശ്നം. കഴിഞ്ഞവർഷം മാർച്ച് 31-ന് 13.35 ലക്ഷം കോടി രൂപയുടെ കറൻസി ജനങ്ങളുടെ കൈയിൽ ഉണ്ടായിരുന്നു. ഈ മാർച്ച് 30-ന് അത് 18.29 ലക്ഷം കോടിയായി വർധിച്ചു. ആറുലക്ഷം കോടി രൂപയ്ക്കുള്ള അധിക കറൻസി എത്തി.
ഡിസംബർ 29നും ഏപ്രിൽ ഒൻപതിനുമിടയിൽ ഒന്നരലക്ഷം കോടി രൂപയ്ക്കുള്ള കറൻസി പൊതുജനങ്ങളുടെ കൈയിൽ എത്തി.
ഈ കറൻസിയിൽ വളരെ ചെറിയ ഭാഗമേ തിരിച്ചു ബാങ്കിലേക്കു വരുന്നുള്ളൂ എങ്കിൽ ഒരുത്തരമേ നല്കാനുള്ളൂ: വിശ്വാസത്തകർച്ച.
ദിവസേന ആയിരക്കണക്കിനു കോടിയുടെ ബാങ്ക് തട്ടിപ്പുകളുടെ വിവരങ്ങൾ അറിയുന്ന, അപ്രതീക്ഷിതമായി കറൻസി പിൻവലിക്കൽ കേൾക്കുന്ന, ബാങ്കിനു കോട്ടം വന്നാൽ നിക്ഷേപകന്റെ പണം എടുക്കുമെന്ന ഭീഷണി മുന്നിൽ കാണുന്ന ജനത്തിനു വിശ്വാസം ഉണ്ടാകുന്നതെങ്ങനെ?
റ്റി.സി. മാത്യു
ജനവിശ്വാസം കുറഞ്ഞു
11:10 PM Apr 17, 2018 | Deepika.com