ഇസ്ലാമാബാദ്: ജഡ്ജിമാരാണ് യഥാർഥ സിംഹങ്ങളെന്ന് പാക്കിസ്ഥാൻ ചീഫ് ജസ്റ്റീസ് സഖീബ് നിസാർ. കഴിഞ്ഞയാഴ്ച കോടതി ആജീവനാന്തം അയോഗ്യത കല്പിച്ച മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പരോക്ഷമായി കളിയാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ഇതു പറഞ്ഞത്.
പഞ്ചാബിലെ സിംഹം എന്നാണ് നവാസിനെ അദ്ദേഹത്തിന്റെ അനുയായികൾ വിളിക്കുന്നത്. നവാസിന്റെ പാർട്ടിയായ പിഎംഎൽ-എന്നിന്റെ ചിഹ്നവും സിംഹം ആണ്.
ഇന്നലെ ഒരു കേസ് പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമർശം. നവാസിനെതിരായ വിധിയുടെ പശ്ചാത്തലത്തിൽ കോടതിക്കെതിരേ ഉയരുന്ന പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എനിക്ക് ഒരു സിംഹത്തെയും അറിയില്ല. സഹ ജഡ്ജിമാരെ ചൂണ്ടിക്കാട്ടി ഇവരാണ് യഥാർഥ സിംഹങ്ങളെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
സർക്കാർ രഹസ്യമായി ഫണ്ട് ചെലവഴിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട മീഡിയ കമ്മീഷൻ കേസ് പരിഗണിക്കവേയായിരുന്നു പരാമർശങ്ങൾ.
യഥാർഥ സിംഹങ്ങൾ ജഡ്ജിമാർ; നവാസിനെ കളിയാക്കി പാക് ചീഫ് ജസ്റ്റീസ്
12:00 AM Apr 17, 2018 | Deepika.com