ഓട്ടോസ്പോട്ട്/ഐബി
സുസുകി ഇൻട്രൂഡർ എന്ന പേര് പുതുമയുള്ളതല്ല. ജാപ്പനീസ് കന്പനിയായ സുസുകി മൂന്നു പതിറ്റാണ്ടുകൾക്കു മുന്പ്, 1985ൽ ലോകവിപണിയിൽ അവതരിപ്പിച്ച മോഡലാണിത്. വർഷങ്ങൾ പിന്നിട്ടപ്പോൾ അനവധി പരിഷ്കാരങ്ങൾ വരുത്തി നിരവധി തവണ നിരത്തിലെത്തി ക്രൂയിസർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ മുന്നേറ്റം കാഴ്ചവയ്ക്കാൻ സുസുകിക്കു കഴിഞ്ഞിട്ടുണ്ട്. ഓട്ടോമാറ്റിക് സ്കൂട്ടർ വിഭാഗത്തിലാണെങ്കിലും മോട്ടോർസൈക്കിൾ വിഭാഗത്തിലാണെങ്കിലും സുസുകി മോഡലുകൾക്ക് ശോഭിക്കാനായി. 155 സിസി സുസുകി ജിക്സറാണ് വിപണിയെ ശക്തമായി സ്വാധീനിച്ച മോഡൽ. സുസുകി ഇന്ത്യയുടെ മാർക്കറ്റ് സൂചികകൾ പരിശോധിച്ചാൽ പ്രീമിയം സ്റ്റൈലിംഗ്, വലിയ ബൈക്കുകളുടെ രൂപം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെട്ട, താങ്ങാനാകുന്ന വിലയുള്ള ക്രൂയിസർ മോട്ടോർബൈക്കുകൾക്ക് പ്രിയമേറെയാണ്. അതുകൊണ്ടുതന്നെ സുസുകി ഇൻട്രൂഡറിന്റെ 155 സിസി പതിപ്പും അവതരിപ്പിച്ചു.
ഇതുവരെ ഇന്ത്യൻ നിരത്തുകളിലെ മറ്റു കന്പനികൾ പരീക്ഷിക്കാത്ത രൂപം നല്കി ക്രൂയിസർ ഭാവത്തിൽ ഒരു 155 സിസി വാഹനത്തെ അവതരിപ്പിക്കുന്പോൾ ബജാജ് അവഞ്ചറിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സുസുകിക്കു കഴിഞ്ഞു. ഇൻട്രൂഡറിന്റെ സീറ്റിംഗും യാത്രയും അവഞ്ചറിനു സമമാണ്. ബ്രേക്ക്, ഗിയർ പെഡലുകൾ കാൽ മുന്പോട്ടു നീട്ടി ഇരുന്ന് സഞ്ചരിക്കുന്നതുപോലെതന്നെ. വലിയ ഹാൻഡിൽ ബാർ അല്ല ഇൻട്രൂഡറിന് സുസുകി നല്കിയിരിക്കുന്നത്. വലുപ്പം കുറഞ്ഞ ഹാൻഡിൽ ബാറും 740 എംഎം സീറ്റ് ഹൈറ്റും ഡ്രൈവിംഗ് സുഖം നല്കുന്നുണ്ട്.
പുതുമകളുടെ ഒരു ശേഖരംതന്നെയാണ് ഇൻട്രൂഡർ എന്നു പറയാമെങ്കിലും എൻജിൻ ജിക്സറിൽനിന്ന് കടംകൊണ്ടതാണ്. ജിക്സറിന്റെ 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർകൂൾഡ് 155 സിസി എൻജിൻ 14 ബിഎച്ച്പി പവറിൽ 14 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഈ കാർബറേറ്റഡ് എൻജിൻ പൂർണമായും സുസുകി ജിക്സറിന്റേതാണെങ്കിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗിയർ അനുപാതം, എയർ ബോക്സ് എന്നിവ വ്യത്യസ്തമാണ്. എക്സ്ഹോസ്റ്റിന്റെ കാര്യവും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ രണ്ടു വാഹനങ്ങളുടെയും ശബ്ദത്തിൽ വ്യത്യാസമുണ്ട്.
മികച്ച ടോർക്കും പവറുമുള്ള ജിക്സറിന്റെ 155 സിസി എൻജിൻ പെർഫോമൻസിന്റെ കാര്യത്തിൽ മുന്നിലാണെന്നു നിസംശയം പറയാം. 170 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ആണ് ഇൻട്രൂഡറിനുള്ളത്. ഇത് ഓഫ് റോഡ് സ്റ്റൈൽ ഡ്രൈവിംഗിനുപോലും വാഹനത്തെ പ്രാപ്തമാക്കുന്നു.
ആകർഷിക്കുന്ന ഡിസൈൻ
പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ ഡിസൈൻ നല്കിയിരുന്ന ഇൻട്രൂഡർ വലിയ ബൈക്കുകൾക്കൊപ്പം കാഴ്ചയിൽ മികച്ചു നിൽക്കുന്നു. ആഡംബരപകിട്ടിലുള്ള പിൻഭാഗത്ത് ടെയിൽ ലാന്പ് ഉള്ളിലേക്ക് കയറ്റിയിട്ടുണ്ട്. വശങ്ങളിലും മുന്നിലും മസ്കുലർ ഭാവം വാഹനത്തിൽ പ്രകടമാണ്. ഉയരമുള്ള ഇന്ധനടാങ്കിന്റെ വശങ്ങളിൽ മൂന്നു കാരക്ടർ ലൈനുകൾ നല്കിയിരിക്കുന്നു. സാധാരണ ബൈക്കുകളിൽ ഹാൻഡിൽ ബാറിനു മുകളിൽ ഹെഡ് ലാന്പ് നല്കുന്പോൾ ഇൻട്രൂഡറിൽ അത് അല്പം താഴേക്ക് ഇറക്കിയിട്ടുണ്ട്. ഡിജിറ്റൽ മീറ്റർ ക്ലസ്റ്ററിൽ ആർപിഎം, ഗിയർ, സ്പീഡ്, കിലോമീറ്റർ, ട്രിപ്പ്, ഇന്ധനം തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. കീഹോളിന്റെ സ്ഥാനം ഹാൻഡിൽ ബാറിനു മുന്നിൽ, ഹെഡ് ലാന്പിനു മുകളിലായാണ്.
ശ്രദ്ധ പിടിച്ചുപറ്റാൻ ഇൻട്രൂഡർ
03:15 AM Apr 15, 2018 | Deepika.com