ജൊഹാനസ്ബർഗ്: വിന്നി മഡിക്കസേല മണ്ഡേലയ്ക്കു ദക്ഷിണാഫ്രിക്ക വിടചൊല്ലി. ഇന്നലെ ജൊഹാനസ്ബർഗിലെ സൊവേറ്റോയിൽ നടന്ന അന്ത്യകർമങ്ങളിൽ പ്രസിഡന്റ് സിറിൾ റാമഫോസ അടക്കം ലക്ഷങ്ങൾ പങ്കെടുത്തു.
പരേതനായ മുൻ പ്രസിഡന്റ് നെൽസൺ മണ്ഡേലയുടെ മുൻ ഭാര്യയും വർണവിവേചനത്തിനെതിരായ പോരാട്ടത്തിലെ നായികയുമായിരുന്ന വിന്നി ഏപ്രിൽ രണ്ടിന് ആശുപത്രിയിലാണ് അന്തരിച്ചത്.
ഇന്നലെ സൊവേറ്റോയിലെ ഭവനത്തിൽ നടന്ന അന്ത്യകർമങ്ങൾക്കു ശേഷം മൃതദേഹം ഓർലാൻഡോ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. തുടർന്ന് ഫോർവേയ്സ് മെമ്മോറിയൽ പാർക്കിൽ സംസ്കരിച്ചു. സ്റ്റേഡിയത്തിന്റെ അകത്തും പുറത്തും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രവർത്തകർ തിങ്ങിനിറഞ്ഞിരുന്നു.
വർണവിവേചനവിരുദ്ധ സമരത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചെങ്കിലും അക്രമത്തിനു കൂട്ടുനിൽക്കുകയും അഴിമതി നടത്തുകയും ചെയ്തെന്ന ആരോപണത്തിൽ കുടുങ്ങി പൊതുജീവിതത്തിൽനിന്ന് അപമാനിതയായി പുറത്തുപോകേണ്ടിവന്ന വിവാദ നായികയാണ് വിന്നി.
വിന്നി മണ്ഡേലയ്ക്കു വിടചൊല്ലി
01:41 AM Apr 15, 2018 | Deepika.com