മുംബൈ: തുടർച്ചയായ ഏഴാമത്തെ ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ ഉയർന്നു. നവംബറിനുശേഷം ഇത്രയും ദിവസം തുടർച്ചയായി നേട്ടമുണ്ടാകുന്നത് ഇതാദ്യമാണ്. ഈയാഴ്ച ബിഎസ്ഇ സെൻസെക്സ് 565.68 പോയിന്റ് (1.68 ശതമാനം) ഉയർന്നു. നിഫ്റ്റിയാകട്ടെ 1.44 ശതമാനം (149 പോയിന്റ്) കയറി.
ഇടയ്ക്കു ഭീഷണികൾ ഉണ്ടായെങ്കിലും ആഗോള സൂചനകൾ ഓഹരികൾക്കു നേട്ടത്തിനു സഹായകമായിരുന്നു. ആഭ്യന്തര സൂചകങ്ങളും മോശമായില്ല. വ്യവസായ ഉത്പാദന വളർച്ചയിലെ കുറവ് ചെറുതായിരുന്നു. വിലക്കയറ്റവും അപകടനിലയിലായില്ല.
റിലയൻസിന്റെ വാങ്ങൽ
ഓൺലൈൻ പഠനത്തിനു സഹായിക്കുന്ന എംബൈബ് എന്ന കന്പനിയെ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുന്ന വാർത്തയിൽ റിലയൻസ് ഓഹരികൾക്കു മുന്നേറ്റമുണ്ടായി. 100 കോടി രൂപയ്ക്ക് എംബൈബിന്റെ 73 ശതമാനം ഓഹരി റിലയൻസ് വാങ്ങും. കന്പനിയിൽ മൂന്നുവർഷംകൊണ്ട് 18 കോടി ഡോളർ മുടക്കുകയും ചെയ്യും.
ആർട്ടിഫിഷൽ ഇന്റലിജൻസ് രംഗത്തും ചുവടുറപ്പിച്ചിട്ടുള്ള എംബൈബ് ബംഗളൂരു ആസ്ഥാനമായാണു പ്രവർത്തിക്കുന്നത്. 38 വയസുള്ള അദിതി അവസ്തിയാണു സ്ഥാപക. സ്കൂൾ മുതൽ പ്രഫഷണൽ തലം വരെയുള്ള പഠനത്തിനു സഹായിക്കുന്ന കന്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഇനി പണ ഞെരുക്കം ഉണ്ടാവില്ല.
ഓഹരികൾക്കു മികച്ച നേട്ടം
01:11 AM Apr 14, 2018 | Deepika.com