ഡമാസ്കസ്: സിറിയയിൽ നടന്ന രാസായുധാക്രമണത്തിന്റെ പേരിൽ പോർവിളി മുഴക്കി അമേരിക്കയും റഷ്യയും. സിറിയയിലേക്ക് അമേരിക്ക മിസൈൽ തൊടുത്താൽ വെടിവച്ചിടുമെന്ന് റഷ്യ പറഞ്ഞു. എന്നാൽ, റഷ്യ തയാറായിരുന്നോളൂ, നല്ലൊന്നാന്തരം മിസൈൽ വരുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മറുപടി.
കിഴക്കൻ ഗൂട്ടായിലെ ദൂമ നഗരത്തിൽ ശനിയാഴ്ച രാസായുധാക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടുവെന്നാണ് സിറിയയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘനടകൾ പറയുന്നത്.
പ്രസിഡന്റ് ബഷാർ അൽ അസാദിനെതിരേ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമായിരുന്നു ഈസ്റ്റേൺ ഗൂട്ടാ. കനത്ത ബോംബിംഗും അതിനെത്തുടർന്നുള്ള രാസായുധാക്രണവും വിമതരെ ഗൂട്ടായിൽനിന്ന് ഒഴിഞ്ഞുപോകാൻ പ്രേരിപ്പിച്ചു.
രാസായുധാക്രമണത്തിനു പിന്നിൽ അസാദിന്റെ പട്ടാളമാണെന്നും കനത്ത വില നല്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കിയിരുന്നു. എന്നാൽ, രാസായുധാക്രമണം നടന്നിട്ടില്ലെന്നാണ് സിറിയയും അവരെ പിന്തുണയ്ക്കുന്ന റഷ്യയും പറയുന്നത്.
യുദ്ധത്തിനായി ഒരുക്കം
അമേരിക്ക സഖ്യകക്ഷികളുമായി ചേർന്ന് സിറിയയിൽ വലിയ ആക്രമണത്തിനു പദ്ധതിയിടുന്നതായി സൂചനയുണ്ട്. വിഷയത്തിൽ ശ്രദ്ധചെലുത്താൻ പ്രസിഡന്റ് ട്രംപ് വിദേശ പര്യടനം റദ്ദാക്കി വാഷിംഗ്ടണിൽ തങ്ങുകയാണ് 60 ടോമഹോക് ക്രൂസ് മിസൈലുകൾ വഹിക്കുന്ന യുഎസിന്റെ മിസൈൽ നശീകരണ കപ്പൽ യുഎസ്എസ് ഡോണാൾഡ് കുക്ക് മെഡിറ്ററേനിയനിൽ എത്തിയിട്ടുണ്ട്. ഫ്രാൻസിന്റെ യുദ്ധക്കപ്പലും മേഖലയിലേക്കു നീങ്ങി.
യുദ്ധാശങ്ക ശക്തമായ പശ്ചാത്തലത്തിൽ സിറിയയ്ക്കു സമീപം പറക്കുന്ന വിമാനങ്ങൾ ജാഗ്രത പാലിക്കാനുള്ള നിർദേശം യൂറോപ്യൻ വ്യോമസുരക്ഷാ ഏജൻസി പുറപ്പെടുവിച്ചു.
റഷ്യയുടെ മുന്നറിയിപ്പ്
സിറിയയെ ആക്രമിക്കാൻ അമേരിക്ക തുനിഞ്ഞാൽ കനത്ത വില നല്കേണ്ടിവരുമെന്നു പറഞ്ഞത് ലബനനിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ സാസിപ്കിൻ ആണ്. അമേരിക്ക മിസൈൽ തൊടുത്താൽ ആ മിസൈൽ വെടിവച്ചിടുക മാത്രമല്ല, അത് വിക്ഷേപിച്ച ഉറവിടവും റഷ്യ ലക്ഷ്യം വയ്ക്കും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും സായുധസേനാ മേധാവിയുടെയും പ്രസ്താവനകൾ അടിസ്ഥാനമാക്കിയാണ് താനിതു പറയുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. അസാദിനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയുടെ അൽമനാർ ടിവിയോടാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഇതിനു മറുപടി നല്കിയത് ട്രംപ് നേരിട്ടാണ്. മിസൈലുകൾ വെടിവച്ചിടുമെന്നാണ് റഷ്യ പറയുന്നത്. എന്നാൽ തയാറായിരിക്കുക. സ്മാർട് മിസൈലുകൾ വരാൻപോകുന്നു. സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്ന മൃഗവുമായി റഷ്യ കൂട്ടുകൂടരുതെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
റഷ്യക്കാർ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവരുടെ യൂറോപ്യൻ യൂണിയൻ പ്രതിനിധി വ്ലാദിമിർ ചിഷോവും മുന്നറിയിപ്പു നല്കി. ഈ മുന്നറിയിപ്പ് സൈനിക മാർഗങ്ങളിലൂടെയടക്കം അമേരിക്കയ്ക്കു നല്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആക്രമണം നടത്തിയാൽ അത് യുദ്ധക്കുറ്റമായി പരിഗണിക്കുമെന്ന് റഷ്യയിലെ മറ്റൊരു മുതിർന്ന നേതാവും വ്യക്തമാക്കി.
മിസൈൽ വരുന്നു: ട്രംപ്; വെടിവച്ചിടുമെന്നു റഷ്യ
12:52 AM Apr 12, 2018 | Deepika.com