മെൽബൺ: ഇന്ത്യൻ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായിരുന്ന ‘457 വീസ പദ്ധതി’ ഓസ്ട്രേലിയ നിർത്തലാക്കി. പകരം കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ‘ടെംപററി സ്കിൽസ് ഷോർട്ടേജ് വീസ’(ടിഎസ്എസ്) എന്ന പദ്ധതി നിലവിൽവന്നു.
വൈദഗ്ധ്യം വേണ്ട തൊഴിലുകളിൽ നാലു വർഷത്തെ വീസ അതിവേഗം അനുവദിക്കുന്നതായിരുന്നു ‘457 പദ്ധതി’. 2017 സെപ്റ്റംബർ വരെ 95,000 വിദേശികൾ ഈ വീസയിൽ ഓസ്ട്രേലിയയിലെത്തി. 19,400 പേരുമായി ഇന്ത്യയായിരുന്നു ഒന്നാമത്.
ബിസിനസ് പ്രഫഷണലുകൾക്കും അതിവൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും വേണ്ടിയാണ് 1990ൽ ഈ വീസ പദ്ധതി അവതരിപ്പിച്ചത്. പിന്നീട് മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചു. ഇതിൽ കടുത്ത എതിർപ്പ് ഉയർന്നിരുന്നു.
പകരം അവതരിപ്പിച്ചിരിക്കുന്ന ടെംപററി സ്കിൽസ് ഷോർട്ടേജ് വീസ ലഭിക്കണമെങ്കിൽ രണ്ടു വർഷത്തെ തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവ വേണം. ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുത്. രണ്ടു വർഷത്തെ ഷോർട്ട് ടേം, നാലു വർഷത്തെ മീഡിയം ടേം എന്നിങ്ങനെ രണ്ടു തരം വീസകളായിരിക്കും അനുവദിക്കുക.
‘457 വീസ പദ്ധതി’ ഓസ്ട്രേലിയ നിർത്തലാക്കി
01:12 AM Mar 24, 2018 | Deepika.com