ഓസ്റ്റിൻ: സ്ഫോടനപരന്പരകളുമായി മൂന്നാഴ്ച അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ ഓസ്റ്റിൻ നഗരത്തെ വിറപ്പിച്ച യുവാവ് മരിച്ചു. പോലീസ് പിടികൂടുമെന്ന ഘട്ടത്തിൽ കാറിനുള്ളിൽ സ്ഫോടനം നടത്തി മരിക്കുകയായിരുന്നു. വെളുത്ത വംശജനായ മാർക്ക് ആന്റണി കോൺഡിറ്റ് എന്ന ഇരുപത്തിനാലുകാരനാണ് അക്രമിയെന്നു പോലീസ് അറിയിച്ചു.
മാർച്ച് രണ്ടുമുതൽ നഗരത്തിൽ നടന്ന അഞ്ചു സ്ഫോടനങ്ങളിൽ രണ്ടു പേർ കൊല്ലപ്പെടുകയും ആറു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച ഓസ്റ്റിനടുത്തുള്ള ഹോട്ടലിൽ പോലീസ് പരിശോധനയ്ക്കെത്തവേ കാറെടുത്ത് യുവാവ് രക്ഷപ്പെട്ടു. നഗരത്തിലെ പ്രധാന റോഡിൽ കാർ നിർത്തി സ്ഫോടനം നടത്തുകയായിരുന്നു. കാറിനെ സമീപിച്ച രണ്ടു പോലീസുകാരിൽ ഒരാൾക്ക് ചെറിയ പരിക്കേറ്റു.
യുവാവിന്റെ പ്രചോദനം എന്തായിരുന്നുവെന്ന് വ്യക്തമല്ല. സ്ഫോടനങ്ങൾ നടത്താൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.
സ്ഫോടനങ്ങളുമായി ഓസ്റ്റിൻ നഗരത്തെ വിറപ്പിച്ച യുവാവ് ജീവനൊടുക്കി
03:07 AM Mar 22, 2018 | Deepika.com