മുംബൈ: ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസിന്റെ എസ്യുവി മോഡലായ ജീപ് കോംപാസിന്റെ പുതിയ വേരിയന്റ് വിപണിയിലെത്തും. ഓഫ് റോഡിനു പ്രാധാന്യം നല്കി അവതരിപ്പിക്കുന്ന മോഡലിന് കോംപാസ് ട്രെയിൽഹോക്ക് എന്നാണ് പേര്. കോംപാക്ട് എസ്യുവി വിഭാഗത്തിൽ എത്തുന്ന ഈ വേരിയന്റ് ഈ വർഷം മധ്യത്തോടെ വിപണിയിലെത്തും.
അവതരണത്തിനു മുന്നോടിയായി കോംപാസ് ട്രെയിൽഹോക്കിന്റെ ബുക്കിംഗ് ഡീലർഷിപ്പുകളിൽ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 50,000 രൂപ ടോക്കൺ അടച്ച് ബുക്ക് ചെയ്യാം.
റെഗുലർ കോംപാസിൽനിന്നു നിരവധി മാറ്റങ്ങളും ഓഫ്റോഡ് രീതിയിൽ പരിഷ്കരിച്ചുമാണ് ട്രെയിൽഹോക്ക് അവതരിപ്പിക്കുന്നത്. ടെയിൽഹോക്കിന്റെ റൈറ്റ് ഹാൻഡ് വേർഷന്റെ ഉത്പാദനം ഇതിനോടകംതന്നെ പൂനെയിലെ ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസിന്റെ പ്ലാന്റിൽ തുടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയ പോലുള്ള മാർക്കറ്റുകളിലേക്കുള്ള കയറ്റുമതി ലക്ഷ്യമിട്ടാണ് ഉത്പാദനം.
ഓഫ് റോഡ് യാത്രയ്ക്കുതകുന്ന ഫോർ വീൽ ഡ്രൈവ് ടെക്നോളജി, റോക്ക് മോഡ്, മികച്ച സസ്പെൻഷൻ, ഓൺ/ഓഫ് റോഡ് ടയറുകൾ തുടങ്ങിയവ ട്രെയിൽഹോക്കിലുണ്ട്.
ആദ്യ കോംപാസിലെ 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻതന്നെയാണ് ട്രെയിൽഹോക്കിനും നല്കിയിരിക്കുന്നത്. 6-സ്പീഡ് മാന്വൽ ട്രാൻസ്മിഷനു പകരം പുതിയ 9-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വില: 21.91 ലക്ഷം രൂപ.
ഓഫ്റോഡിനുവേണ്ടി ജീപ് കോംപാസ് ട്രെയിൽഹോക്ക്
12:29 AM Mar 21, 2018 | Deepika.com