ബെയ്ജിംഗ്: വിദേശകാര്യമന്ത്രി വാംഗ്യിക്കു സ്ഥാനക്കയറ്റവും ഇരട്ടപ്പദവിയും. സൈന്യത്തിൽ പ്രസിഡന്റ് ഷി ചിൻപിംഗിന്റെ വിശ്വസ്തർക്കു പദവികൾ; സാന്പത്തിക ഭരണത്തിനു ഹാർവഡിൽ പഠിച്ചവർക്കു മുൻഗണന.
ചൈനീസ് മന്ത്രിസഭാംഗങ്ങളുടെയും കേന്ദ്ര മിലിറ്ററി കമ്മീഷന്റെയും കേന്ദ്ര ബാങ്കിന്റെയും മേധാവികളുടെ പേരുകൾ പുറത്തുവരുന്പോൾ തെളിയുന്ന ചിത്രമിതാണ്. പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വാധീനം കുറയുന്നതും വ്യക്തമായി.
വിദേശകാര്യമന്ത്രി വാംഗ് ഇനി മന്ത്രിപദത്തോടൊപ്പം സ്റ്റേറ്റ് കൗൺസിലർ പദവിയും വഹിക്കും. സ്റ്റേറ്റ് കൗൺസിലർ യാംഗ് ജിയേചി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗമായ സാഹചര്യത്തിലാണിത്. വാംഗിനു രണ്ടു ചുമതല നൽകിയത് ഷിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം തെളിയിക്കുന്നു. ഈ ഇരട്ടപ്പദവി അപൂർവമാണ്. ഇതുവരെ ഇന്ത്യയുമായുള്ള അതിർത്തി ചർച്ച നടത്തിയി രുന്ന യാംഗിനു പകരം വാംഗ് ആകും ചർച്ചയ്ക്കുള്ള പ്രത്യേക പ്രതിനിധി എന്നു കരുതപ്പെടുന്നു. കർക്കശക്കാരനായാണു വാംഗ് അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ഡോക ലായിൽ ഇന്ത്യയുമായുള്ള സംഘർഷവേളയിൽ ഇന്ത്യയെ പൂർണമായും കുറ്റപ്പെടുത്തിയായിരുന്നു വാംഗ് സംസാരിച്ചത്.
പുതിയ പ്രതിരോധമന്ത്രിയായി ആണവ മിസൈലുകളുടെ മുൻ മേധാവിയും ഷിയുടെ വിശ്വസ്തനുമായ ലഫ്റ്റനന്റ് ജനറൽ വെയ് ഫെംഗെയെ നിയമിച്ചു. സൈന്യത്തെ നിയന്ത്രിക്കുന്ന കേന്ദ്ര മിലിറ്ററി കമ്മീഷന്റെ വൈസ് ചെയർമാൻമാരായി ജനറൽ ഷു ചിലിയാംഗ്, ജനറൽ ചാംഗ് യൂഷിയ എന്നീ വിശ്വസ്തരെയും ഷി നിയമിച്ചു. സൈന്യത്തിൽ 2013നു ശേഷം ഷി വരുത്തിയ മാറ്റങ്ങൾ നടപ്പാക്കിയതു വെയ് ഫെംഗെയുടെ നേതൃത്വത്തിലാണ്.
സാന്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി ലിയു ഹെ നിയമിതനായി. അങ്കിൾ ഹെ എന്നു വിളിക്കപ്പെടുന്ന ഇദ്ദേഹമാണു 2013നു ശേഷമുള്ള സാന്പത്തികനയങ്ങൾക്കു പിന്നിൽ. കയറ്റുമതി വർധനയിൽനിന്ന് ഉപഭോഗവർധനയിലേക്കു മാറിയാലേ ചൈനീസ് വളർച്ച സുസ്ഥിരമാകൂ എന്നാണു ലിയു പറയുന്നത്. ഹാർവഡിൽ പഠിച്ച ഇദ്ദേഹത്തിന്റെ വലിയ ദൗത്യം ചൈനീസ് വ്യവസായങ്ങളെയും ബാങ്കുകളെയും കടക്കെണിയിൽനിന്നു രക്ഷിക്കലാണ്.
ഹാർവഡിൽതന്നെ പഠിച്ച യിയാംഗ് ആണു ചൈനീസ് കേന്ദ്ര ബാങ്ക് ആയ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പുതിയ ഗവർണർ. ഇൻഷ്വറൻസിന്റെ നിയന്ത്രണംകൂടി ഇനി കേന്ദ്രബാങ്ക് ഗവർണർക്കു നൽകും.
ഹാൻചെംഗ്, സൺചുൻലാൽ, ഹു ചുൻഹുവ എന്നിവരാണ് മറ്റ് ഉപപ്രധാനമന്ത്രിമാർ. മറ്റു സ്റ്റേറ്റ് കൗൺസിലർമാരായി വെയ് ഫെംഗെ, വാംഗ് യോംഗ്, ചിയാവോ ജീ, ചൗ കെചി എന്നിവരെയും നിയമിച്ചു. ചിയാവോ ജീ ആണു സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ.
ചൈന: വിദേശകാര്യമന്ത്രിക്കു സ്ഥാനക്കയറ്റം
12:55 AM Mar 20, 2018 | Deepika.com