ബെയ്ജിംഗ്: ചൈനീസ് പ്രധാനമന്ത്രിപദത്തിൽ ലി കെചിയാംഗിനു രണ്ടാമൂഴം. ചൈനയുടെ റബർസ്റ്റാന്പ് പാർലമെന്റാണ് ഇന്നലെ ലിയെ വീണ്ടും പ്രധാനമന്ത്രിപദത്തിൽ അവരോധിച്ചത്.
കഴിഞ്ഞദിവസം ആജീവനാന്ത പ്രസിഡന്റായി ചുമതലയേറ്റ ഷി ചിൻപിംഗാണു ലീയുടെ പേരു നിർദേശിച്ചത്. 2964 പ്രതിനിധികൾ അനുകൂലിച്ചു വോട്ടു ചെയ്തു. രണ്ടു പേർ എതിർത്തു. പുതിയ അഴിമതി വിരുദ്ധ കമ്മീഷൻ (നാഷണൽ സൂപ്പർവൈസറി കമ്മീഷൻ)മേധാവിയായി യാങ് സിയാഡുവിനെ തെരഞ്ഞെടുത്തു. സീനിയറായ ഷാവോ ലെജിയെ ഒഴിവാക്കിയാണ് സിയാഡുവിനെ കമ്മീഷൻ അധ്യക്ഷനാക്കിയത്.
പാർട്ടി ഭാരവാഹികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും വസതികളിൽ പരിശോധന നടത്താനും സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനും സ്വത്തുക്കൾ മരവിപ്പിക്കാനുമുള്ള വിപുലമായ അധികാരമാണു നാഷണൽ സൂപ്പർവൈസറി കമ്മീഷനുള്ളത്.
സുപ്രീം പീപ്പിൾസ് കോടതി പ്രസിഡന്റ് , പ്രൊക്യുറേറ്റർ ജനറൽ, തുടങ്ങി വിവിധ പദവികളിലേക്കുള്ളവരെയും തെരഞ്ഞെടുത്തു.
ലി കെചിയാംഗിനു രണ്ടാമൂഴം
12:59 AM Mar 19, 2018 | Deepika.com