തിരുവനന്തപുരം: കേരളത്തെ ഡിജിറ്റൽ നിക്ഷേപ സംസ്ഥാനമായി വളർത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ ആഗോള ഐടി സംഗമം. ഹാഷ് ടാഗ് ഫ്യൂച്ചർ എന്ന ഈ സംഗമം 22നു രാവിലെ പത്തിനു ലെ മെറിഡിയൻ ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 23ന് വൈകുന്നേരം അഞ്ചിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് സമാപനസമ്മേളനം.
അനിശ്ചിതത്വത്തിനും ത്വരിത മാറ്റത്തിനുമിടയിൽ തൊഴിലിന്റെയും നൈപുണ്യങ്ങളുടെയും രംഗത്തെ പുതിയ പ്രവണതകൾ പരിചയപ്പെടുത്തുന്ന വിവിധ പാനൽ ചർച്ചകൾ ഉണ്ടാകും.
ഗതാഗതം, യാത്ര, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിംഗ്, ധനകാര്യം, റീട്ടെയിൽ, ഡാറ്റ തുടങ്ങിയവയുടെ ഭാവി സംബന്ധമായ വിശദചർച്ചകൾ നടക്കും.
മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് സത്യ നദെല്ല, മൈക്രോസോഫ്റ്റിലെ യന്ത്രബുദ്ധി വിഭാഗം മേധാവി ഡോ. സഫ് സിറോഷ് എന്നിവർ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ചർച്ചകളിൽ പങ്കെടുക്കും. റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ, ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. ഗീതഗോപിനാഥ്, ഫെഡറൽ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസൻ, ഹാർവഡ് മെഡിക്കൽ സ്കൂളിലെ ഡോ. അജിത് തോമസ്, തുടങ്ങി നാൽപതിലേറെ പ്രമുഖർ പാനൽ ചർച്ചകളിൽ ഉണ്ടാകും.
ആഗോള ഐടി സംഗമം 22നും 23നും കൊച്ചിയിൽ
11:03 PM Mar 15, 2018 | Deepika.com