ന്യൂഡൽഹി: തരംഗമുണർത്തിയ ആക്ടീവ സ്കൂട്ടറുകളിലെ അഞ്ചാം തന്പുരാൻ ആക്ടീവ 5ജി
വിപണിയിലെത്തി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന ഓട്ടോ എക്സ്പോയിൽ കന്പനി പുതിയ അക്ടീവ പരിചയപ്പെടുത്തിയിരുന്നു.
52,460 രൂപയാണ് എക്സ്ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ വിതരണം തുടങ്ങുമെന്നും കന്പനി അറിയിച്ചു. മുൻ ആക്ടീവ സ്കൂട്ടറുകളെ അപേക്ഷിച്ചു പുറംമോടിക്കു കൂടുതൽ പ്രാധാന്യം നൽകിയാണ് ആക്ടീവ 5ജിയുടെ വരവ്.
എങ്കിലും രൂപഘടനയിൽ കാര്യമായ മാറ്റമില്ല. ഡാസിൽ യെല്ലോ മെറ്റാലിക്, പേൾ സ്പാർട്ടൺ റെഡ് എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാണ്. ഇന്ധനക്ഷമത പരമാവധി പ്രയോജനപ്പെടുത്താനുള്ള ഇസിഒ മോഡ്, കൂടുതൽ ലഗേജ് കൊണ്ടുപോകുന്നതിനുള്ള രണ്ടു ഹുക്കുകൾ തുടങ്ങിയവ ആക്ടീവ 5ജിയുടെ പ്രത്യകതകളാണ്. 110 സിസി ഫോർ സ്ട്രോക്ക് എൻജിൻ, സിവിടി ഗിയർ ബോക്സ്, റിയർമോണോഷോക്, കോന്പി ബ്രേക്ക് സിസ്റ്റം എന്നിവയാണ് ആക്ടീവ 5ജിയുടെ മറ്റു സാങ്കേതിക സവിശേഷതകൾ.
അഞ്ചാം തലമുറ ആക്ടീവ എത്തിപ്പോയി
12:14 AM Mar 15, 2018 | Deepika.com