മോസ്കോ: റഷ്യൻ വിപ്ലവനേതാക്കളുമായി തന്റെ കുടുംബത്തിനുള്ള അടുത്ത ബന്ധം വെളിപ്പെടുത്തി പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
തന്റെ അച്ഛന്റെ അച്ഛൻ സ്പിരോഡിൻ പുടിൻ കമ്യൂണിസ്റ്റ് വിപ്ലവനേതാവ് ലെനിന്റെയും ഏകാധിപതി സ്റ്റലിന്റെയും പാചകക്കാരനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇരുനേതാക്കളുടെയും മോസ്കോയിലെ വസതിയിലാണ് മുത്തച്ഛൻ ജോലി ചെയ്തിരുന്നത്. സ്റ്റലിനൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് അച്ഛൻ അവിടെ പോയി അവരുടെ ജീവിതം നേരിട്ടു കാണുകയും അതു തന്നോടു പറയുകയും ചെയ്തിട്ടുണ്ട്.
സ്റ്റലിന് തന്റെ വിശ്വസ്തരിൽ പലരെയും ഇല്ലാതാക്കിയിട്ടും മുത്തച്ഛന് ഒന്നും പറ്റിയില്ല. അദ്ദേഹം വിശ്വസിക്കാൻകൊള്ളാവുന്ന ആളായിരുന്നു.
അമ്മയുടെ പിതാവ് ഇവാൻ ഷെലോമോവ് ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടിയിട്ടുണ്ടെന്നും പുടിൻ പറഞ്ഞു. പോരാട്ടത്തിൽ ഒരു ഓസ്ട്രിയൻ പട്ടാളക്കാരനെ അദ്ദേഹം വെടിവച്ചിട്ടു. പരിക്കേറ്റ ഓസ്ട്രിയൻ സൈനികന്റെ നിലവിളി കേട്ട അദ്ദേഹം ഓടിച്ചെന്ന് മുറിവുവച്ചുകെട്ടുകയാണുണ്ടായത്. അനുകന്പ റഷ്യക്കാരുടെ കൂടെപ്പിറപ്പാണെന്നും പുടിൻ അഭിപ്രായപ്പെട്ടു.
പുടിനെക്കുറിച്ച് പുറത്തുവന്ന പുതിയ ഡോക്യുമെന്ററിയിലാണ് വെളിപ്പെടുത്തലുകൾ. ഇതാദ്യമായാണ് തന്റെ കുടുംബചരിത്രം പുടിൻ പുറംലോകത്തെ അറിയിക്കുന്നത്.
പുടിന്റെ മുത്തച്ഛൻ സ്റ്റലിന്റെ പാചകക്കാരൻ
01:03 AM Mar 14, 2018 | Deepika.com