അങ്കാറ: യുഎയിൽനിന്നു തുർക്കിയിലേക്കു വരുകയായിരുന്ന വിമാനം ഇറാനിലെ സാഗ്രോസ് മലനിരകളിൽ തകർന്നുവീണ് 11 പേർ മരിച്ചു.
പ്രമുഖ തുർക്കി വ്യവസായി ഹുസൈൻ ബസരാന്റെ മകൾ മിന ബസരാ(28)നും മരിച്ചവരിൽ ഉൾപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിവാഹം നിശ്ചയിച്ചിരുന്ന മിന ദുബായിൽ ബാച്ചിലർ പാർട്ടി നടത്തി സുഹൃത്തുക്കൾക്കൊപ്പം മടങ്ങുകയായിരുന്നുവെന്നുപറയുന്നു. തകർന്നുവീണ ബോംബാർഡിയർ സിഎൽ604 വിമാനം മിനയുടെ അച്ഛന്റേതാണ്. ഞായറാഴ്ച ഷാർജയിൽനിന്ന് ഇസ്താംബൂളിലേക്കു പുറപ്പെട്ട വിമാനം മണിക്കൂറുകൾക്കകം തീപിടിച്ചു തകർന്നുവീഴുകയായിരുന്നു.
ആറു തുർക്കികളും രണ്ടു സ്പെയിൻകാരും അടക്കം 11 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടതായി കരുതുന്നില്ല. മോശം കാലാവസ്ഥമൂലം അപകടം നടന്ന സ്ഥലത്തേക്ക് ആളെത്താൻ വൈകി. ഇന്നലെ ബ്ലാക്ബോക്സ് കണ്ടെത്തി.
തുർക്കി വ്യവസായിയുടെ മകൾ അടക്കം 11 പേർ വിമാനം തകർന്ന് മരിച്ചു
01:24 AM Mar 13, 2018 | Deepika.com