വാഷിംഗ്ടൺഡിസി: ആണവനിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായുള്ള ചർച്ച സമാധാന സ്ഥാപനത്തിനുതകുമെന്നാണു പ്രതീക്ഷിക്കുന്നതെങ്കിലും ചർച്ച പരാജയപ്പെട്ടുകൂടായ്കയില്ലെന്നു പ്രസിഡന്റ് ട്രംപ്. ചർച്ചയിൽ പുരോഗതിയുണ്ടായില്ലെങ്കിൽ പെട്ടെന്നുതന്നെ പിൻവാങ്ങുമെന്ന് പെൻസിൽവേനിയയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത ട്രംപ് പറഞ്ഞു.
ചർച്ചാവേളയിൽ ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുമെന്ന് ഉത്തരകൊറിയ പറഞ്ഞിട്ടുണ്ട്. അത് അവർ പാലിക്കുമെന്നാണു വിശ്വാസം.ഇതേസമയം ട്രംപ്-കിം ചർച്ച പബ്ളിസിറ്റിക്കു വേണ്ടിയല്ലെന്നും പ്രശ്ന പരിഹാരത്തിനാണെന്നും സിഐഎ ഡയറക്ടർ മൈക്ക് പോംപിയോ പറഞ്ഞു. മേയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്രംപ്- കിം കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഉത്തരകൊറിയയ്ക്ക് എതിരേയുള്ള ഉപരോധത്തിൽ യാതൊരു അയവും വരുത്തില്ലെന്നും പോംപിയോ വ്യക്തമാക്കി.
കിമ്മുമായുള്ള ചർച്ച പരാജയപ്പെടാനും സാധ്യതയെന്നു ട്രംപ്
12:58 AM Mar 12, 2018 | Deepika.com