ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍, പോളിംഗ് ദിവസങ്ങള്‍, ഫലപ്രഖ്യാപനം തുടങ്ങി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലേക്കുള്ള തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കും. ഉച്ചയ്ക്ക് 12ന് ആണ് വാര്‍ത്താസമ്മേളനം.
നവംബര്‍ രണ്ടാം വാരത്തിനും ഡിസംബര്‍ ആദ്യവാരത്തിനും ഇടയിലാകും വോട്ടെടുപ്പ്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേരാണ് മത്സരം.
അതിനിടെ, തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേരും. ജാതി സെന്‍സസ് തെരഞ്ഞെടുപ്പില്‍ മുഖ്യ അജണ്ടയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അധികാരത്തിലെത്തിയാല്‍ ഛത്തീസ്ഗഡിലും, മധ്യപ്രദേശിലും ജാതി സര്‍വേ നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി നേരത്തെ പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനില്‍ ജാതി സര്‍വേക്ക് ഉത്തരവും ഇറങ്ങിക്കഴിഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും
08:34 AM Oct 09, 2023 | Deepika.com