സിയൂൾ: യുഎസുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഉത്തരകൊറിയ. ദക്ഷിണ കൊറിയയിൽ വിന്റർ ഒളിന്പിക്സ് സമാപനത്തിനെത്തിയ ഉത്തരകൊറിയൻ പ്രതിനിധി സംഘമാണു യുഎസുമായി ചർച്ചയ്ക്കു തയാറാണെന്നു സൂചിപ്പിച്ചത്. വിന്റർ ഒളിന്പിക്സ് ഇരുകൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി. ഇതോടൊപ്പം യുഎസ്-ഉത്തരകൊറിയ ബന്ധവും മെച്ചപ്പെടണമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേഇന്നുമായുള്ള കൂടിക്കാഴ്ചയിൽ ഉത്തരകൊറിയൻ സംഘം വ്യക്തമാക്കി.
ഉത്തരകൊറിയയ്ക്ക് എതിരേ കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് കടുത്ത ഉപരോധം ഏർപ്പെടുത്തിയതിനെ പ്യോഗ്യാംഗ് അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയൻ സംഘത്തിന്റെ നിലപാടുമാറ്റം.
ഇന്നലെ നടന്ന വിന്റർ ഒളിന്പിക്സ് സമാപനച്ചടങ്ങിൽ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുത്രി ഇവാങ്കയുടെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘാംഗങ്ങൾ, ഉത്തരകൊറിയൻ സംഘാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മുൻ സൈനിക കമാൻഡറും ദക്ഷിണകൊറിയൻ യുദ്ധക്കപ്പൽ മുക്കുന്നതിന് ഉത്തരവുകൊടുത്തയാളുമായ കിം യോംഗ് ചോളാണ് ഉത്തരകൊറിയൻ സംഘത്തെ നയിച്ചത്.യുദ്ധക്കപ്പൽമുങ്ങി 46 നാവികർ കൊല്ലപ്പെട്ടു. ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ചോളിന്റെ സന്ദർശനത്തിനെതിരേ പ്രതിഷേധമുയർത്തി.
യുഎസുമായി ചർച്ചയ്ക്ക് ഉത്തരകൊറിയ തയാർ
12:54 AM Feb 26, 2018 | Deepika.com