വാഷിംഗ്ടൺ ഡിസി: ഇസ്രയേലിലെ അമേരിക്കൻ എംബസി മേയിൽ ജറുസലമിലേക്കു മാറ്റും. ഇസ്രയേൽ സ്ഥാപിതമായതിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചായിരിക്കും എംബസി മാറ്റം. ഇപ്പോൾ ടെൽ അവീവിൽ പ്രവർത്തിക്കുന്ന എംബസി പടിഞ്ഞാറൻ ജറുസലമിലെ അർണോനായിലേക്കാണു മാറ്റി സ്ഥാപിക്കുക. അംബാസഡർക്കും കുറച്ചു ജീവനക്കാർക്കും പ്രവർത്തിക്കാനുള്ള ഓഫീസ് സൗകര്യമേ ഉണ്ടാകൂ.
ഇത് താത്കാലിക സംവിധാനമായിരിക്കുമെന്നും സ്ഥിരം എംബസിക്കായുള്ള പദ്ധതി സമാന്തരമായി തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഹെതർ ന്യൂവേർട്ട് അറിയിച്ചു. യുഎസ് പ്രസിഡന്റ് ട്രംപ് ഡിസംബറിൽ ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചതിന്റെ ഭാഗമായിട്ടാണ് എംബസി മാറ്റം. ട്രംപിന്റെ പ്രഖ്യപനത്തിൽ പലസ്തീനിൽ ആരംഭിച്ച പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
അമേരിക്കൻ എംബസി മേയ് മുതൽ ജറുസലമിൽ
01:38 AM Feb 25, 2018 | Deepika.com