വാഷിംഗ്ടൺ ഡിസി: തോക്കുപയോഗത്തിന് ലഘുവായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം നല്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെമി ഓട്ടോമാറ്റിക് തോക്കുകൾക്ക് ഓട്ടോമാറ്റിക് തോക്കുകളുടെ ശേഷി നല്കുന്ന ബംബ് സ്റ്റോക് എന്ന സംവിധാനമടക്കം നിരോധിക്കാനാണ് നിർദേശം. ഇതിനാവശ്യമായ ചട്ടങ്ങൾ ഉണ്ടാക്കാൻ ജസ്റ്റീസ് വകുപ്പിന് പ്രസിഡന്റ് നിർദേശം നല്കി.
കാഞ്ചി വലിച്ചാൽ നിർത്താതെ വെടിയുതിർക്കുന്ന ഓട്ടോമാറ്റിക് റൈഫിളുകൾ അമേരിക്കയിൽ വിൽക്കാൻ പാടില്ല. തിര തനിയെ ലോഡ് ചെയ്യുകയും ഓരോ കാഞ്ചിവലിക്കും ഓരോ വെടിയുതിർക്കുകയും ചെയ്യുന്ന സെമി ഓട്ടോമാറ്റിക് റൈഫിളുകൾക്ക് നിരോധനമില്ല. സെമി ഓട്ടോമാറ്റിക് റൈഫിളുകളിൽ ബംബ് സ്റ്റോക് ഘടിപ്പിച്ചാൽ മിനിട്ടിൽ നൂറുകണക്കിന് വെടിയുതിർക്കുന്ന ഓട്ടോമാറ്റിക് റൈഫിളായി മാറും. കഴിഞ്ഞ വർഷം ലാസ് വേഗസിലെ സംഗീതപരിപാടിക്കിടെ 57 പേർ കൊല്ലപ്പെട്ട വെടിവയ്പിന് ബംബ് സ്റ്റോക് ഘടിപ്പിച്ച തോക്കാണ് ഉപയോഗിച്ചതെന്നു കണ്ടെത്തിയിരുന്നു.
അതേസമയം, ഫ്ളോറിഡ സ്കൂൾ വെടിവയ്പ്പിന് ഇത്തരം തോക്കല്ല ഉപയോഗിച്ചത്.
ഫ്ളോറിഡ സംഭവത്തിനു പിന്നാലെ തോക്കുവില്പന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ വ്യാപക പ്രകടനങ്ങൾ നടന്നുവരികയാണ്.
തോക്ക് നിയന്ത്രണം: ട്രംപ് വഴങ്ങിത്തുടങ്ങി
01:24 AM Feb 22, 2018 | Deepika.com