വാഷിംഗ്ടൺ: ഇന്ത്യയിൽ വനിതാ സംരംഭകരുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തിൽ അവർക്കായി പ്രത്യേക സെൽ രൂപീകരിക്കാനൊരുങ്ങി നീതി ആയോഗ്. വനിതാ സംരംഭകരുടെ സംരംഭങ്ങളെ വളർത്തുകയെന്ന ലക്ഷ്യത്തോടെ ഓഹരിയുടമകളെ ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയാണ് സെൽ രൂപീകരിക്കുന്നതിലൂടെ നീതി ആയോഗ് ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗ് അംഗം അന്ന റോയ് വാഷിംഗ്ടണിൽ പറഞ്ഞു.
രണ്ടു ഡസനിലേറെ വനിതാ സംരംഭകർ ഇപ്പോൾ ബിസിനസ് യാത്രയുടെ ഭാഗമായി അമേരിക്കയിലാണ്. നവംബറിൽ ഹൈദരാബാദിൽ നടന്ന ലോക സംരംഭക ഉച്ചകോടിയുടെ ഫലമായാണ് ഈ യാത്ര.
വാഷിംഗ്ടണിൽ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രത്യേക സെമിനാറിനു ശേഷം വനിതാ സംരംഭകർ ബോസ്റ്റൺ, പിറ്റ്സ്ബർഗ്, സാൻഫ്രാൻസിസ്കോ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.
നീതി ആയോഗിന്റെ വനിതാ സംരംഭകത്വ-നൂതനാശയ സെൽ എന്ന് വനിതാ സംരംഭകർക്കുള്ള സെൽ അറിയപ്പെടും. നീതി ആയോഗ് ഉപദേഷ്ടാവ് അന്ന റോയ് ആയിരിക്കും സെല്ലിന്റെ മേധാവി. മുദ്ര മൈക്രോ ലോൺ പദ്ധതി പ്രകാരം 10,000 കോടി രൂപയുടെ ഫണ്ട് വനിതകൾക്കായി നല്കും.
വനിതാ സംരംഭകർക്കായി പ്രത്യേക സംഘടന
01:21 AM Feb 22, 2018 | Deepika.com