കുവൈത്ത് സിറ്റി: മതതീവ്രവാദത്തിനെതിരേയും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരത ഇല്ലായ്മ ചെയ്യുന്നതിനും ആഗോളതലത്തില്‍ നടക്കുന്ന കൂട്ടായ നടപടികള്‍ക്ക് കുവൈത്തില്‍ ഇന്നലെ നടന്ന 73 രാജ്യങ്ങളുടെ സമ്മേളനം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഐഎസ് ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനു ലോകരാഷ്ട്രങ്ങളുടെ സഖ്യം നടത്തുന്ന ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്കു ശക്തിപകരാന്‍ കുവൈത്ത് അടക്കമുള്ള അറബ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും തീരുമാനിച്ചു. എന്നാല്‍ സൈനിക നടപടികളില്‍ കുവൈത്ത് പങ്കാളിയാകില്ല.
ഐഎസ് ഭീകരതയെ പൂര്‍ണമായി പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം അമേരിക്കയും സഖ്യകക്ഷികളും ഇനിയും നേടിയിട്ടില്ലെന്നു സമ്മേളനത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. ഇറാക്കിലും സിറിയയിലും ഐഎസ് ഭീകരരെ തുരത്തുന്നതിനു നടത്തിയ ഓപ്പറേഷന്റെ പ്രധാന ഭാഗം മാത്രമാണ് വിജയം നേടിയത്. ചില പ്രദേശങ്ങള്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. അവകൂടി മോചിപ്പിക്കുക മാത്രമല്ല ലക്ഷ്യം. ഐഎസ്, അല്‍ ക്വയ്ദ തുടങ്ങിയ ഭീകരസംഘടനകളുടെ അടിവേര് ഇല്ലാതാക്കുന്നതു വരെ പോരാട്ടം തുടരണം- കുവൈത്ത് അമീറിന്റെ വസതിയായ ബയണ്‍ കൊട്ടാരത്തില്‍ നടന്ന സമ്മേളനത്തില്‍ ടില്ലേഴ്സണ് ഓര്‍മിപ്പിച്ചു.
ഇറാക്കിലും സിറിയയിലും തിരിച്ചടി നേരിട്ട ഐഎസ് ഭീകരര്‍ അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, ലിബിയ, കിഴക്കന്‍ ആഫ്രിക്ക അടക്കമുള്ള ഇതര രാജ്യങ്ങളില്‍ സുരക്ഷിത താവളങ്ങള്‍ തേടുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഇറാക്കില്‍നിന്ന് ഏതാണ്ട് പൂര്‍ണമായും സിറിയയിലെ പ്രധാന കേന്ദ്രങ്ങളില്‍നിന്നും ഐഎസിനെ തുരത്താന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യകക്ഷികള്‍ക്കു കഴിഞ്ഞു. എന്നാല്‍, ഇറാക്കിലും സിറിയയിലും വീണ്ടും നുഴഞ്ഞുകയറാനും ഭീകരര്‍ ശ്രമിക്കുകയാണ്. ഐഎസ് ഭീകരരുടെ നിയന്ത്രണത്തില്‍നിന്നു മോചിപ്പിച്ച സിറിയയിലെ പ്രദേശങ്ങളുടെ സംരക്ഷണത്തിന് രണ്ടു കോടി ഡോളര്‍ (130 കോടിയോളം രൂപ) കൂടി അമേരിക്ക നല്‍കുമെന്ന് ടില്ലേഴ്സണ് പ്രഖ്യാപിച്ചു.
ഇറാക്കിലെ വടക്കുകിഴക്കന്‍ മേഖലയില്‍ ഖുര്‍ദിഷ് നാട്ടുസേനയോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള അമേരിക്കയുടെ സഖ്യസേനയ്ക്കെതിരേ തുര്‍ക്കി കഴിഞ്ഞ മാസം നടത്തിയ അക്രമണത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആശങ്ക അറിയിച്ചു. തുര്‍ക്കിയുടെ ദക്ഷിണ അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച ന്യായമായ ആശങ്കകള്‍ അമേരിക്ക മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഖുര്‍ദിഷ് പോരാളികളെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നടപടി ഐഎസിനെതിരായ പോരാട്ടത്തെ അട്ടിമറിക്കുന്നതാണെന്ന് തുര്‍ക്കി തിരിച്ചടിച്ചു.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജോര്‍ദാന്‍, തുര്‍ക്കി, ലബനന്, ഈജിപ്ത്, കുവൈത്ത് എന്നീ രാജ്യങ്ങളിലെത്തി ടില്ലേഴ്സണ് വിശദമായ ചര്‍ച്ചകളാണ് നടത്തിവരുന്നത്. വെള്ളിയാഴ്ച മാത്രമേ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഗള്‍ഫില്‍നിന്ന് മടങ്ങുകയുള്ളൂ. ഇത്തവണ ഇസ്രയേല്‍ സന്ദര്‍ശനം ഒഴിവാക്കിയെന്നതും ശ്രദ്ധേയമായി.
ഐഎസ് ഭീകരത ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് മുസ്ലിംകള്ക്കും ഇസ്ലാമിക രാജ്യങ്ങള്‍ക്കും ആണെന്ന് അറബ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ പറഞ്ഞു. തീവ്രവാദവും ഭീകരപ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പാടെ അവസാനിപ്പിക്കണം. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ മുസ്ലിംകള് ചെറുക്കണമെന്ന് മന്ത്രിമാര്‍ അഭ്യര്‍ഥിച്ചു. അറബ് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും തീവ്രവാദവും ഭീകരതയും പൂര്‍ണമായി ഇല്ലാതാക്കുകയാണ് മുഖ്യമെന്ന് സമ്മേളനം വിലയിരുത്തി.
ഇതിനിടെ, ഇറാക്കിന്റെ പുനരുദ്ധാരണത്തിന് മൊത്തം 8,820 കോടി ഡോളര്‍ ആവശ്യമാണെന്ന് ആസൂത്രണമന്ത്രി സല്മാന് അല്‍ ജുമൈലി പറഞ്ഞു. 2014 പകുതിയോടെ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലായ ഭീകരരെ കഴിഞ്ഞ ഡിസംബറിലാണ് ബാഗ്ദാദില്‍നിന്നു മോചിപ്പിച്ചത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടതിനു പുറമേ 25 ലക്ഷം ഇറാക്കികള്‍ ഭവനരഹിതരായിട്ടുണ്ടെന്നും സ്കൂളുകളും ആശുപത്രികളും വരെ തകര്‍ക്കപ്പെട്ടുവെന്നും ഇറാക്കില്നിന്നെത്തിയ മാധ്യമ സംഘത്തിന്റെ തലവന്‍ മോയിദ് ജാസെം അല്ലമി ദീപികയോടു പറഞ്ഞു.
ഇന്ത്യക്കു പങ്കാളിത്തമില്ല
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് സാബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സാബയുടെ ഔദ്യോഗിക വസതിയായ ബയണ്‍ കൊട്ടാരത്തില്‍ നടന്ന ഐഎസിനെതിരായ ആഗോള സഖ്യത്തിന്റെ മന്ത്രിതല സമ്മേളനത്തില്‍ പക്ഷേ ഇന്ത്യക്ക് പങ്കാളിത്തം ഉണ്ടായില്ല. അമേരിക്കന്‍ നേതൃത്വത്തിലുള്ള 73 രാജ്യങ്ങളുടെ ആഗോളസഖ്യത്തില്‍ ഇന്ത്യ അംഗമല്ല. എന്നാല്‍, ഇറാക്കിന്റെ പുനരുദ്ധാരണത്തിനായി കുവൈത്തില്‍ നടക്കുന്ന ത്രിദിന ആഗോള സമ്മേളനത്തിലും ഉഭയകക്ഷി കൂടിയാലോചനകളിലും വിദേശകാര്യ സഹമന്ത്രി എം.കെ. അക്ബര്‍ ഇന്നലെ പങ്കെടുത്തു.
കുവൈത്ത് ഷെറാട്ടണ്‍ ഹോട്ടലില്‍ താമസിക്കുന്ന മന്ത്രി അക്ബര്‍ ഇറാക്കിനായുള്ള സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കും. കുവൈത്തും ഇറാക്കും ഇന്ത്യയുടെ വളരെ സൗഹൃദരാജ്യങ്ങളാണെന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന ഗള്‍ഫ് മേഖലയുടെ സമാധാനത്തിനും വികസനത്തിനുമുള്ള പരിപാടികള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്നും അക്ബര്‍ പറഞ്ഞു.
ജോര്‍ജ് കള്ളിവയലില്‍
തീവ്രവാദത്തിനെതിരേ 73 രാഷ്ട്രങ്ങളുടെ പിന്തുണ
12:14 AM Feb 14, 2018 | Deepika.com