ന്യൂഡൽഹി: രാജ്യത്തെ വാഹനലോകം ഗ്രേറ്റർ നോയിഡയിലേക്കു ചുരുങ്ങുന്ന ദിനങ്ങൾ... വാഹനപ്രേമികൾ കാത്തിരിക്കുന്ന അതിശയിപ്പിക്കും പുതിയ മോഡലുകൾ... ഫെബ്രുവരി ഒന്പത് മുതൽ 14 വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ നടക്കുന്ന ഡെൽഹി ഓട്ടോ എക്സ്പോ വാഹനപ്രേമികൾക്കായി കരുതിയിരിക്കുന്നത് 24 പുതിയ അവതരണങ്ങൾ, ഒപ്പം 100ലധികം വാഹനങ്ങളുടെ പ്രഖ്യാപനങ്ങളും.
ഫെബ്രുവരി ഒന്പത് മുതൽ 14 വരെയാണ് എക്സ്പോ എങ്കിലും ഇന്ത്യ എക്സ്പോ മാർട്ടിനു സമീപത്തുള്ള പ്രഗതി മൈതാനിയിൽ എട്ടു മുതൽ 11 വരെ കംപോണന്റുകളുടെ പ്രദർശനവും നടക്കും. ഉദ്ഘാടനം എട്ടിന് നടക്കുമെന്ന് സംഘാടകരായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ആക്മ), കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രി (സിഐഐ) എന്നിവയും എക്സ്പോയുടെ സംഘാടകരാണ്. കഴിഞ്ഞ വർഷത്തെ എക്സ്പോയിൽ അവതരിപ്പിച്ചതിലും കൂടുതൽ വാഹനങ്ങൾ ഇത്തവണയുണ്ടെന്ന പ്രത്യേകതയുണ്ട്. മൂന്ന് പുതിയ വാഹനങ്ങൾ മാത്രമായിരുന്നു അന്ന് അവതരിപ്പിച്ചത്.
നിസാൻ, ഒൗഡി, ഫോക്സ്വാഗൺ, സ്കോഡ, ഫോർഡ്, ഡുക്കാട്ടി എന്നീ വാഹനനിർമാതാക്കൾ എക്സ്പോയിൽനിന്നു വിട്ടുനിൽക്കും. അതായത്, സിയാമിന്റെ 50 ശതമാനം അംഗങ്ങൾ മാത്രമേ പരിപാടിയിൽ പങ്കെടുക്കൂ. ഇന്ത്യയിലേക്ക് വരാൻ തയാറെടുക്കുന്ന കൊറിയൻ കമ്പനി കിയാ മോട്ടോഴ്സ്, ജാപ്പനീസ് കാവസാക്കി എന്നിവ ഇത്തവണത്തെ എക്സ്പോയിൽ പങ്കെടുക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഞെട്ടിക്കും ഈ ഓട്ടോ എക്സ്പോ
12:45 AM Jan 17, 2018 | Deepika.com